അയോധ്യ: കൊള്ള ഏറ്റവും കൂടുതൽ കുംഭമേളക്കാലത്തെന്ന് എസ്‌ഐടി റിപ്പോർട്ട്; ട്രസ്റ്റ് ഭാരവാഹികൾ അയോധ്യ വിട്ടുപോകരുതെന്ന് നിർദ്ദേശം


ഷീബ വിജയൻ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകളിൽ വൻ ക്രമക്കേടും പണാപഹരണവും നടന്നെന്ന ഗുരുതരമായ ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തങ്ങളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പണാപഹരണവും സ്വർണ്ണക്കടത്തും ഏറ്റവും അധികം നടന്നത് കഴിഞ്ഞ കുംഭമേളക്കാലത്താണെന്നാണ് റിപ്പോർട്ടിലുള്ള സൂചന. കേസിൽ നിലവിൽ അന്വേഷണം നേരിടുന്ന രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളും ക്ഷേത്രത്തിലെ പ്രധാന ജീവനക്കാരും അനുമതിയില്ലാതെ അയോധ്യ വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണസംഘം കർശന നിർദേശം നൽകിയിട്ടുണ്ട്.

രാം ലല്ലയ്ക്ക് ലോകമെമ്പാടുമുള്ള ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി, വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവയുടെ കാര്യത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എസ്‌ഐടി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ക്രമക്കേടുകൾ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടന്ന മഹാകുംഭമേളക്കാലത്താണ്. അക്കാലയളവിൽ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കുണ്ടാവുകയും കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. എന്നാൽ ഇവയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ ട്രസ്റ്റ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.

ഏകദേശം 200 കോടി മുതൽ 1400 കോടി രൂപ വരെയുള്ള ഭീമമായ വെട്ടിപ്പാണ് ഇവിടെ നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക ആരോപണം. പരീക്ഷണാടിസ്ഥാനത്തിൽ ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് നിലവിൽ എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭാവന വിവരങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പലതും ബോധപൂർവ്വം ഡിലീറ്റ് ചെയ്തുവെന്നും, ഭക്തർ നൽകിയ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സമാജ്‌വാദി പാർട്ടി, എഎപി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ ശക്തമായ ആരോപണങ്ങളെത്തുടർന്നാണ് ഈ മാസം 13-ന് യുപി സർക്കാർ അന്വേഷണത്തിനായി പ്രത്യേക എസ്‌ഐടിയെ നിയോഗിച്ചത്.

രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തലുകൾ നടത്താതെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും 10 വലിയ പെട്ടികൾ ക്ഷേത്രത്തിൽ നിന്ന് മാറ്റിയെന്നും, സംഭാവന പണം എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രധാന സ്ഥലത്തെ സിസിടിവി ക്യാമറകൾ നീക്കം ചെയ്തുവെന്നും ആരോപണമുണ്ട്. രാം ലല്ല പ്രാണപ്രതിഷ്ഠ സമയത്ത് പ്രമുഖ ജ്വല്ലേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച 60 കിലോ തൂക്കം വരുന്ന വെള്ളിക്കട്ടികൾ കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇതിനൊപ്പം ക്ഷേത്രട്രസ്റ്റിന്റെ ദുരൂഹമായ ഭൂമിയിടപാടുകളും എസ്‌ഐടി സംഘം വിശദമായി അന്വേഷിക്കുന്നുണ്ട്. വിപണിവിലയേക്കാൾ വളരെ കുറഞ്ഞവില കാണിച്ചാണ് ട്രസ്റ്റ് പലയിടത്തും ഭൂമി വാങ്ങിക്കൂട്ടിയിട്ടുള്ളത് എന്നാണ് പുതിയ ആരോപണം ഉയർന്നിട്ടുള്ളത്.

article-image

qqwsqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed