സൈനിക നടപടി- മുന്നറിയിപ്പുമായി ചൈന
ബെയ്ജിംഗ് : ദോക് ലായിൽ നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ചൈനീസ് സൈന്യം ചെറിയ സൈനിക നടപടി ഇന്ത്യയ്‌ക്കെതിരെ നടത്താൻ സാധ്യത ഉണ്ടെന്നും ഇക്കാര്യം അതിന് മുന്പ് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും ചൈനീസ് ഔദ്യോഗിക പത്രം ഗ്ലോബൽ ടൈംസ്.
ദോക്് ലായിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനീക സംഘർഷം നീട്ടിക്കൊണ്ട് പോകാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നും ചെറിയ രീതിയിലുള്ള സൈനിക നടപടിയിലൂടെ ഇന്ത്യൻ സൈന്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്താക്കുമെന്നും ഷംഗ്ഹായ് അക്കാദമി ഓഫ് സോഷ്യൽ സയൻസിലെ ഇന്റർനാഷണൽ റിലേഷൻസിലെ ഗവേഷണ വിദഗ്ദ്ധൻ ഹു ഷിയോംഗിനെ ഉദ്ധരിച്ചാണ് പത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും അതിരൂക്ഷമായ വിമർശനമാണ് പത്രത്തിന്‍റെ എഡിറ്റോറിയലിലുള്ളത്. മോഡി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ആരോപണം. മോഡി സ്വന്തം ജനങ്ങളോടു നുണ പറയുകയാണ്. സൈനിക ശക്തിയിൽ ചൈന ഇന്ത്യയെക്കാൾ കരുത്തരാണെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.
ചൈന ചൈനയുടെതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി റോഡ് നിർമിച്ചതാണ് സംഘർഷത്തിന് കാരണമായത്. റോഡ് നിർമാണത്തിൽനിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന തയ്യാറായില്ല. ഇന്ത്യ പിന്മാറണമെന്നാണ് ചൈനയുടെ നിലപാട്.

