തമിഴ്നാട് സ്വദേശി സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു
മനാമ : ബഹ്റൈനിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു. ഇന്റർനാഷണൽ ഹോസ്പിറ്റൽ ബഹ്റൈനിൽ പ്ലംബർ ആയി ജോലി ചെയ്യുന്ന മുഹമ്മദ് ഹമീദ് (25) ആണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പാർട്ടിക്കിടെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചത്. നീന്തൽ വശമില്ലാതിരുന്ന ഹമീദ് എന്തിനാണ് സ്വിമ്മിംഗ് പൂളിൽ ഇറങ്ങിയതെന്നു തങ്ങൾക്കറിവില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. പാർട്ടി ഒരു ഭാഗത്തു നടക്കുന്ന സമയത്ത് മൊബൈലിൽ സംസാരിച്ചു കൊണ്ട് നടക്കവെ സ്വിമ്മിംഗ് പൂളിന്റെ അരികിൽ നിന്ന് കാൽ വഴുതി വീണതാകാമെന്നും സുഹൃത്തുക്കൾ സംശയിക്കുന്നു.
ഹമീദ് ജോലി ചെയ്യുന്നആശുപത്രി അധികൃതർ പോലീസുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലയക്കാനുള്ള ഏർപ്പാടുകൾ ചെയ്തുവരികയാണ്. അവിവാഹിതനായ മുഹമ്മദ് ഹമീദ് സൽസ്വഭാവിയും വീട്ടുകാരുമായി നല്ല ബന്ധം പുലർത്തി വരുന്ന വ്യക്തിയുമായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മുഹമ്മദ് ഹമീദിന് ആകസ്മികമായി ഈ അഹിതം ഉണ്ടായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

