ഹരിഗീതപുരം ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈനും മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ മുന്നൂറ്റമ്പതോളം (350) പ്രവാസികൾ പങ്കെടുത്തു. വിപുലമായ ആരോഗ്യ പരിശോധനകളും അതോടൊപ്പം നടന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറുകളും ക്യാമ്പിന്റെ പ്രധാന ആകർഷണമായി.

ക്യാമ്പിനോടനുബന്ധിച്ച് വിദഗ്ധർ നയിച്ച ക്ലാസുകൾ പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി മാറി. ക്ലിനിക്കൽ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ജിഷ ജോസഫ് 'ഈറ്റ് സ്മാർട്ട്, ലൈവ് ബെറ്റർ' എന്ന വിഷയത്തിലും, പ്രമുഖ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. സോണി പി. ജേക്കബ് 'ഹെൽത്തി ഹാർട്ട്, ഹെൽത്തി ലൈഫ്' എന്ന വിഷയത്തിലും സെമിനാറുകൾ നയിച്ചു. വിവിധ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദീകരിച്ച വിദഗ്ധർ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

ബഹ്‌റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകനും ഹരിഗീതപുരത്തിന്റെ സീനിയർ അംഗവുമായ സോമൻ ബേബി, മുൻ രക്ഷാധികാരി അലക്സ് ബേബി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സനൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ചടങ്ങിന് ജയകുമാർ കെ. ജി. സ്വാഗതം ആശംസിച്ചു. ഹരിഗീതപുരം അഡ്വൈസറി ബോർഡ് അംഗം എസ്.എം. പിള്ള, ഷിഫ അൽ ജസീറ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ സുൽഫിക്കർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രതിനിധികൾക്ക് ഹരിഗീതപുരം എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്ന് മെമെന്റോ നൽകി ആദരിച്ചു. സജിത്ത് എസ്. പിള്ള, ദീപക് തണൽ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, അഡ്വൈസറി ബോർഡ്, വനിതാ വേദി അംഗങ്ങൾ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. പ്രവാസികൾക്കായി ഒരുക്കിയ ഈ മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കി തീർത്ത മുഴുവൻ പ്രവാസി കുടുംബാംഗങ്ങൾക്കും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ദീപക് തണൽ നന്ദി രേഖപ്പെടുത്തി.

article-image

േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed