ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ കൊല്ലം സ്വദേശികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) 2024-2026 പ്രവർത്തന കാലയളവിൻ്റെ സമാപ്തി കുറിച്ച് നടന്ന ജില്ലാ സമ്മേളനം സമാപിച്ചു. പത്ത് ഏരിയ സമ്മേളനങ്ങൾക്ക് ശേഷമാണ് കെ.സി.എ ഹാളിൽ വിപുലമായ രീതിയിൽ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏരിയ ഭാരവാഹികൾ, സെൻട്രൽ കമ്മിറ്റി (സി.സി) അംഗങ്ങൾ, നിലവിലെ സി.സി, എസ്.സി ഭാരവാഹികൾ, പ്രവാസിശ്രീ പ്രതിനിധികൾ ഉൾപ്പെടെ നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് സമ്മേളനം നടന്നത്. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.
കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്‌ഘാടനം ചെയ്ത ആദ്യ സെഷനിൽ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു. അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ, പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ചേർത്തുപിടിച്ച ബഹ്റൈൻ ഭരണാധികാരികൾക്കും ഭരണകൂടത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ജില്ലാ കമ്മിറ്റി പാസാക്കി. കഴിഞ്ഞ പ്രവർത്തന കാലയളവിൽ അന്തരിച്ച പ്രമുഖരുടെയും പ്രവാസികളുടെയും സ്മരണയ്ക്ക് മുന്നിൽ ആദരമർപ്പിച്ച് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി അനിൽ കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അംഗങ്ങളുടെ ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും ശേഷം ഭേദഗതികളോടെ ഇരു റിപ്പോർട്ടുകളും പാസ്സാക്കി. വനിതാ വിഭാഗമായ 'പ്രവാസി ശ്രീ'യുടെ പ്രവർത്തന റിപ്പോർട്ട് ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ അവതരിപ്പിച്ചു. പുതിയ സെൻട്രൽ-ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളെയും പ്രവാസി ശ്രീ ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ ഏരിയ പ്രതിനിധികൾക്കും സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കും മോമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ റിഫ, മനാമ, സൽമാനിയ, സൽമാബാദ്, സിത്ര, ഹിദ്ദ്, മുഹറഖ്, ഗുദൈബിയ, ഹമദ് ടൗൺ, ബുദൈയ എന്നീ പത്ത് ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്റ് അനോജ് മാസ്റ്ററുടെ നേതൃത്വത്തിൽ സംഘടനാ വിവരണവും ഭരണഘടനാ ഭേദഗതി ചർച്ചയും നടന്നു.
തുടർന്ന് ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിൽ പുതിയ സെക്രട്ടറിയേറ്റ് കമ്മിറ്റിയെ വരണാധികാരികൾ പ്രഖ്യാപിച്ചു. രക്ഷാധികാരികളും പ്രമുഖ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനത്തിന് സമാപനമായത്.
േ്ിേ്ി

