ബഹ്‌റൈനിൽ ആശുപത്രികൾക്ക് 160ലേറെ അപേക്ഷകൾ
മനാമ : രാജ്യത്ത് കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ സ്ഥാപിക്കാൻ 160ലേറെ അപേക്ഷകൾ സമർപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ലഭിച്ച 50 ശതമാനം അപേക്ഷകൾ ക്യാപിറ്റൽ ഗവർണറേറ്റിൽ സ്ഥാപനങ്ങൾ സ്ഥാപിക്കാനായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ന്റെ ആദ്യപാദത്തിലാണ് ഇത്രയുമധികം അപേക്ഷകൾ വന്നിരിക്കുന്നത്. ഈ വർഷം ജനവരി മുതൽ ജൂൺ വരെ 161 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ.) മേധാവി ഡോ. മറിയം അൽ ജലാമയാണ് അറിയിച്ചത്.
ഈ കാലയളവിൽ നേത്ര − ദന്ത രോഗ ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടെ 389 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ എൻ.എച്ച്.ആർ.എ പരിശോധനകൾ നടത്തിയതായും അവർ പറഞ്ഞു. പരിശോധനകളിൽ മുന്നൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തി.
രോഗബാധ തടയുന്നതുമായി ബന്ധപ്പെട്ട 153 ലംഘനങ്ങളും മരുന്നുകളുടെ സംഭരണവുമായി ബന്ധപ്പെട്ട 76 ലംഘനങ്ങളും, മെഡിക്കൽ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട 58 ലംഘനങ്ങളും, രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട 60 ലംഘനങ്ങളും 86 ശുചീകരണ ലംഘനങ്ങളുമാണ് കണ്ടെത്തിയത്. ജീവനക്കാർക്ക് ലൈസൻസ് ഉണ്ടോയെന്നും അധികൃതർ പരിശോധിച്ചു. ഡോക്ടർമാർ, നഴ്സുമാർ, അസിസ്റ്റൻറുമാർ എന്നിവരുൾപ്പെടെ ലൈസൻസില്ലാത്ത ജീവനക്കാരെയും ചില സ്ഥാപനങ്ങളിൽ കണ്ടെത്തിയതായി ഡോ. അൽ ജലാമ പറഞ്ഞു.

