വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 2,800 ബഹ്‌റൈൻ ദിനാറിന്റെ മോഷണം
മനാമ : ചൈനീസ് യുവാവ് 22 വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 2,800 ബഹ്‌റൈൻ ദിനാർ മോഷ്ടിച്ച് രാജ്യം വിട്ടതായി പരാതി. ബഹ്‌റൈനിലെ 15 കടകളിൽ നിന്നും 2,886 ബഹ്‌റൈൻ ദിനാറിന്റെ മൊബൈൽ ഫോണുകൾ വാങ്ങാനാണ് ഇയാൾ വ്യാജ കാർഡുകൾ ഉപയോഗിച്ചത്. രാജ്യത്തെ വിവിധ ഹോട്ടലുകളിൽ താമസിക്കാനും പ്രതി കാർഡുകൾ ഉപയോഗിച്ചു. ഇയാൾ ബഹ്‌റൈൻ വിട്ട് പോയതിനെത്തുടർന്ന് ക്രിമിനൽ കോർട്ട് കേസ് ആഗസ്റ്റ് 16 ലേക്ക് മാറ്റിവെച്ചു.
ഉടമസ്ഥരുടെ അനുമതിയില്ലാതെയാണ് ഇയാൾ ചൈനീസ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്ന് ക്രെഡിമാക്സ് ബഹ്‌റൈൻ വെളിപ്പെടുത്തി. മറ്റൊരു വ്യക്തിയുടെ സഹായത്തോടെ ഇയാൾ വ്യാജ കാർഡുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്ന് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.

