ബഹ്റൈനിൽ നോൺ-ഓയിൽ വിദേശവ്യാപാരത്തിൽ ഇടിവ്; ഓഗസ്റ്റിലെ വ്യാപാര കമ്മി 210 ദശലക്ഷം ദിനാർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈന്റെ ഓഗസ്റ്റ് മാസത്തെ എണ്ണയിതര വിദേശവ്യാപാരത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി വിവര-ഇ ഗവേൺമെന്റ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. കയറ്റുമതി, ഇറക്കുമതി, പുനർകയറ്റുമതി എന്നിവയിലുണ്ടായ കുറവ് കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി 210 ദശലക്ഷം ദിനാറായി ഉയർന്നു. 2025 ഓഗസ്റ്റിൽ ഇത് 75 ദശലക്ഷം ദിനാറായിരുന്നു.

2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ എണ്ണയിതര ഇറക്കുമതി മൂല്യം 409 ദശലക്ഷം ദിനാറാണ്. മുൻവർഷം ഇതേ കാലയളവിൽ ലഭിച്ച 489 ദശലക്ഷം ദിനാറിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ കുറവാണിത്. ആകെ ഇറക്കുമതിയുടെ 68 ശതമാനവും ആദ്യ 10 രാജ്യങ്ങളിൽ നിന്നാണ്. 72 ദശലക്ഷം ദിനാറിന്റെ (18%) ഇറക്കുമതിയുമായി ചൈനയാണ് ഒന്നാമത്. യുഎഇ (44 ദശലക്ഷം ദിനാർ - 11%), സൗദി അറേബ്യ (42 ദശലക്ഷം ദിനാർ - 10%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അലുമിനിയം ഓക്സൈഡ് (28 ദശലക്ഷം ദിനാർ), ടർബോ-ജെറ്റുകൾ (15 ദശലക്ഷം ദിനാർ), സ്വകാര്യ കാറുകൾ (14 ദശലക്ഷം ദിനാർ) എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ.

രാജ്യത്തുനിന്നുള്ള എണ്ണയിതര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 56 ശതമാനത്തിന്റെ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷത്തെ 350 ദശലക്ഷം ദിനാറിൽ നിന്ന് 153 ദശലക്ഷം ദിനാറിലേക്ക് കയറ്റുമതി ചുരുങ്ങി. കയറ്റുമതി ഉൽപ്പന്നങ്ങളുടെ വലിയൊരു ഭാഗവും സ്വീകരിച്ചത് സൗദി അറേബ്യയാണ് (50 ദശലക്ഷം ദിനാർ - 33%). അമേരിക്ക (19 ദശലക്ഷം ദിനാർ), യുഎഇ (18 ദശലക്ഷം ദിനാർ) എന്നിവയാണ് തൊട്ടുപിന്നിൽ. ബഹ്റൈന്റെ അലുമിനിയം ഉൽപ്പന്നങ്ങളാണ് കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത്.

പുനർകയറ്റുമതി മൂല്യം 28 ശതമാനം കുറഞ്ഞ് 46 ദശലക്ഷം ദിനാറിലെത്തി. യുഎഇയിലേക്കാണ് ഏറ്റവും കൂടുതൽ പുനർകയറ്റുമതി നടന്നത് (16 ദശലക്ഷം ദിനാർ - 35%). തങ്കക്കട്ടികൾ (Gold Ingots - 8 ദശലക്ഷം ദിനാർ), വിമാനങ്ങളുടെ ഭാഗങ്ങൾ എന്നിവയാണ് പ്രധാന പുനർകയറ്റുമതി ഇനങ്ങൾ.

article-image

cfxvc vccvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed