പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ കോടതി കയറ്റുന്നു; 200 മില്യൺ ദിനാർ സഹായം ആവശ്യപ്പെട്ട് ബഹ്റൈൻ പാർലിമെന്റ് എംപി
പ്രദീപ് പുറവങ്കര
മനാമ: സാമ്പത്തിക പ്രതിസന്ധിയിലായ ബഹ്റൈനി സ്ഥാപനങ്ങൾ പാപ്പരത്തത്തിലേക്ക് നീങ്ങുമ്പോഴും ബാങ്കുകൾ അവരെ കോടതി കയറ്റുകയാണെന്ന് എംപി ഹസ്സൻ ഇബ്രാഹിം മുന്നറിയിപ്പ് നൽകി. തൊഴിലവസരങ്ങൾ സംരക്ഷിക്കാനും വ്യാപാര സ്ഥാപനങ്ങളെ നിലനിർത്താനും 200 മില്യൺ ബഹ്റൈൻ ദിനാർ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വർദ്ധിച്ചുവരുന്ന ബില്ലുകളും കടബാധ്യതയും വിപണിയിലെ മാന്ദ്യവും സ്ഥാപനങ്ങളെ തകർച്ചയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ, പ്രാദേശിക ബാങ്കുകൾ വഴി വിപണിയിലേക്ക് പണമൊഴുക്കാൻ ധനകാര്യ മന്ത്രാലയം മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണമില്ലാതെ വലയുന്ന സ്ഥാപനങ്ങൾക്കെതിരെ കേസ് കൊടുക്കുന്നതും സ്വത്തുക്കൾ മരവിപ്പിക്കുന്നതും ബാങ്കുകൾ അവസാനിപ്പിക്കണം. അത്തരം നടപടികൾ സ്ഥാപനങ്ങളെ പൂർണ്ണമായി തകർക്കുമെന്നും ബാങ്കുകൾക്ക് തുക തിരിച്ചുപിടിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാപനങ്ങളുടെയും ഉടമകളുടെയും സ്വത്തുക്കൾ മരവിപ്പിക്കുമ്പോൾ ബിസിനസ് തുടരാനോ ബാങ്കുകളിലേക്ക് പണം തിരിച്ചടയ്ക്കാനോ അവർക്ക് കഴിയില്ലെന്ന് ഹസ്സൻ ഇബ്രാഹിം വ്യക്തമാക്കി. പതിറ്റാണ്ടുകളായി ബാങ്കുകൾക്ക് വൻ ലാഭമുണ്ടാക്കിക്കൊടുത്ത സ്ഥാപനങ്ങളെയാണ് ഇപ്പോൾ കൈവിടുന്നത്. സാമ്പത്തികമായി അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നപ്പോൾ വായ്പ നൽകാൻ ബാങ്കുകൾ മത്സരിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥാപനങ്ങൾ അതിജീവന പോരാട്ടം നടത്തുമ്പോൾ പലരും ഉപഭോക്താക്കളെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ബഹ്റൈൻ ബൗഴ്സിൽ ലിസ്റ്റ് ചെയ്ത ബാങ്കുകൾ 1.2 ബില്യൺ ഡോളർ ലാഭമുണ്ടാക്കുമ്പോഴാണ് സഹായഹസ്തം നീട്ടാൻ അവർ വിമുഖത കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരിഭാഗം ബാങ്കുകളും സ്ഥാപനങ്ങൾക്കെതിരെ കേസുകൾ ഫയൽ ചെയ്യുന്നത് വ്യാപാരികൾക്കിടയിൽ രോഷവും നിരാശയും വളർത്തുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ പോലും പാപ്പരത്തത്തിന്റെ വക്കിലാണെന്ന് ഹസ്സൻ ഇബ്രാഹിം പറഞ്ഞു. വർഷങ്ങളോളം സർക്കാർ ഫീസുകൾ അടയ്ക്കുകയും ജീവനക്കാരെ നിയമിക്കുകയും സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്ത സ്ഥാപനങ്ങളാണിവ. ഇവ തകരുന്നത് ഉടമകളെ മാത്രമല്ല, സമൂഹത്തെയാകെ ബാധിക്കും. സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തി സ്വകാര്യ മേഖലയാണ്. ഉയർന്ന വൈദ്യുതി ബില്ലുകൾ, വർദ്ധിച്ച സർക്കാർ നിരക്കുകൾ, പണപ്പെരുപ്പം, ഉപഭോക്താക്കളുടെ ചെലവഴിക്കലിലുണ്ടായ കുറവ് എന്നിവ നേരിടുന്ന സ്ഥാപനങ്ങൾക്ക് നിർദ്ദേശിച്ച 200 മില്യൺ ദിനാറിന്റെ രക്ഷാ പാക്കേജ് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ssasddsas


