ഗൾഫിൽ പൂർണ്ണമായി നിർമ്മിച്ച ആദ്യ തമിഴ് ഫീച്ചർ ഫിലിം 'ഫ്ലാറ്റ് 807' നവംബർ 26-ന് പ്രദർശനത്തിന്
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് മേഖലയിലെ തമിഴ് സിനിമാ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട്, പൂർണ്ണമായും ഗൾഫിൽ നിർമ്മിച്ച ആദ്യ തമിഴ് ഫീച്ചർ ഫിലിമായ 'ഫ്ലാറ്റ് 807' (FLAT 807) നവംബർ 26 വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്നു. ബഹ്‌റൈനിലെ ജുഫൈറിലുള്ള മുക്ത എ2 സിനിമാസിലാണ് ചിത്രം പ്രദർശിപ്പിക്കുക. കാർത്തിക് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കാർത്തിക് രാജ് സിനി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
പൂർണ്ണമായും ബഹ്‌റൈനിൽ ചിത്രീകരിച്ച ഈ മുഴുനീള ചിത്രം പ്രാദേശിക കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക അപ്പാർട്ട്മെന്റ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, അടച്ചിട്ട വാതിലുകൾക്കുള്ളിലെ മറഞ്ഞിരിക്കുന്ന ജീവിതങ്ങൾ, ബന്ധങ്ങൾ, രഹസ്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ എന്നിവ പ്രമേയമാക്കുന്ന ഒരു അർബൻ സോഷ്യൽ ഡ്രാമയാണിത്. ആക്ഷൻ, റൊമാൻസ്, കോമഡി, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇംഗ്ലീഷ്, അറബിക് സബ്ടൈറ്റിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കെവിൻ ഫ്രാൻസിസ്, പ്രജോദ് കൃഷ്ണ, ഷിബിൻ പി. സിദ്ദിഖ്, ശ്രീറാം കാശി എന്നിവർ സംഗീതം നൽകിയ നാല് ഗാനങ്ങളും ഗൗതം മഹേഷിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിനുണ്ട്. ആശ പ്രദീപ്, പത്മ ബിശ്വാസ്, പവിത്ര ചിലമ്പരശൻ, കാർത്തിക് രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈശാഖ് കുളങ്ങര (ക്രിയേറ്റീവ് ഹെഡ്), വിനോദ് ആലിയത്ത് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ചിദംബരം മുത്തു, ഹാരിസ് എക്കാച്ചു (ഛായാഗ്രഹണം) എന്നിവരടങ്ങുന്ന അമ്പതിലധികം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചു.
ഗൾഫിലെ ചലച്ചിത്ര കൂട്ടായ്മയുടെ സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു കൂട്ടായ പരിശ്രമമാണ് 'ഫ്ലാറ്റ് 807' എന്ന് സംവിധായകൻ കാർത്തിക് രാജ് പറഞ്ഞു. സിഞ്ചിലെ ബു അലി സ്പൈസ് റസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഒഫീഷ്യൽ ഇവന്റ് പാർട്ണറായ കോൺവെക്സ് ഇവന്റ്സിന്റെ അജിത് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനോദ് ആലിയത്ത്, നടി നിഷ രംഗരാജൻ എന്നിവർ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. ക്രിയേറ്റീവ് സപ്പോർട്ട് നൽകിയ ക്ലോഡി ജോഷി, തിയേറ്റർ പാർട്ണറായ മുക്ത എ2 സിനിമാസ് മാനേജർ ഗുലാം അഹമ്മദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
sasasas


