സെപ്തംബർ മാസം 547 നിയമലംഘകരെ നാട് കടത്തി ബഹ്റൈൻ എൽ എം ആർ എ ; അനധികൃതമായി ജോലി ചെയ്ത 67 പേർ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: തൊഴിൽ വിപണിയെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധനാ കാമ്പയിനുകൾ സംഘടിപ്പിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് സെപ്റ്റംബർ മാസത്തിൽ മാത്രം 4,847 പരിശോധനാ സന്ദർശനങ്ങളും പ്രചാരണങ്ങളുമാണ് അധികൃതർ നടത്തിയത്. നടപടികളുടെ ഭാഗമായി തൊഴിൽ നിയമങ്ങളും റെസിഡൻസ് നിയമങ്ങളും ലംഘിച്ച 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 547 നിയമലംഘകരെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തുകയും ചെയ്തു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി 4,675 വാണിജ്യ സ്ഥാപനങ്ങളിൽ നേരിട്ടുള്ള പരിശോധനകൾ നടത്തി. ഇതിനുപുറമെ വിവിധ വകുപ്പുകളുമായി ചേർന്ന് 172 സംയുക്ത പരിശോധനാ കാമ്പയിനുകളും പൂർത്തിയാക്കി. ക്യാപിറ്റൽ ഗവർണറേറ്റിൽ 74, മുഹറഖ് ഗവർണറേറ്റിൽ 57, നോർത്തേൺ ഗവർണറേറ്റിൽ 22, സതേൺ ഗവർണറേറ്റിൽ 19 എന്നിങ്ങനെയാണ് പരിശോധനകൾ നടന്നത്.
ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക്സ്, തീരദേശ സംരക്ഷണ സേന, വ്യവസായ വാണിജ്യ മന്ത്രാലയം, ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി തുടങ്ങി നിരവധി സർക്കാർ വകുപ്പുകളുമായി സഹകരിച്ചായിരുന്നു പരിശോധന. തൊഴിൽ വിപണിയുടെ സ്ഥിരതയെയും സാമ്പത്തിക സുരക്ഷിതത്വത്തെയും ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
അനധികൃത തൊഴിൽ സമ്പ്രദായങ്ങൾ തടയുന്നതിന് പൊതുജനങ്ങളുടെ പിന്തുണയും എൽ.എം.ആർ.എ അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ www.lmra.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ, 'തവാസുൽ' (Tawasul) ആപ്പ് വഴിയോ, 17506055 എന്ന കോൾ സെന്റർ നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.
മേ്മ

