ഓർമയായി ലേഖ അംബുജാക്ഷൻ: കാൻസറിനോട് പോരാടിയ ജീവിതത്തിന് വിരാമം
ശാരിക
കൊച്ചി: കാൻസർ മഹാമാരിയോട് ധീരമായി പോരാടി നിർമാതാവും എഴുത്തുകാരിയുമായ ലേഖ അംബുജാക്ഷൻ ഈ ലോകത്തോട് വിട പറഞ്ഞു. “പുകവലിയില്ല… മദ്യപാനമില്ല… കൃത്യമായ ജീവിതശൈലി… എന്നിട്ടും എനിക്ക് കാൻസർ വന്നു” — ലേഖ അംബുജാക്ഷൻ പങ്കുവെച്ച ഈ വാക്കുകൾ കേൾക്കുന്നവരുടെ മനസ്സിൽ ഇന്നും തീരാവേദനയായി നിൽക്കും.
പുകവലിയോ മദ്യപാനമോ ലഹരി ഉപയോഗമോ ഇല്ലാതെ, കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ഏറെ ആരോഗ്യകരമായ ജീവിതശൈലി നയിച്ചിട്ടും ഒരു ദിവസം ലേഖയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ബ്രെസ്റ്റ് കാൻസർ എത്തുമായിരുന്നു. “എനിക്ക് എന്തുകൊണ്ടാണ് കാൻസർ വന്നത്?” എന്ന് ഡോക്ടറോട് ചോദിച്ചെങ്കിലും കൃത്യമായ ഒരു കാരണം ചൂണ്ടിക്കാണിക്കാൻ അവർക്കും കഴിഞ്ഞിരുന്നില്ല.
പിന്നീട് രോഗം ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ചികിത്സയും കീമോതെറാപ്പിയും റേഡിയേഷനും ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തിയപ്പോഴും ജീവിതത്തോട് തോൽക്കാതെ അവർ മുന്നോട്ട് പോയി. കഠിനമായ വേദനകൾക്കിടയിലും ഭർത്താവ് നൽകിയ വലിയ സ്നേഹവും പിന്തുണയും അവർ പലപ്പോഴും ഹൃദയസ്പർശിയായി പങ്കുവെച്ചിരുന്നു.
സിനിമാ പ്രവർത്തക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായ ലേഖ അംബുജാക്ഷൻ, ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും ഗാനരചയിതാവുമായി പ്രവർത്തിച്ചിട്ടുണ്ട്.
കാൻസർ ജീവിതത്തിൽ വലിയ നഷ്ടങ്ങളും വേദനകളും സമ്മാനിച്ചപ്പോഴും, രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മറ്റുള്ളവരിൽ ബോധവൽക്കരണം സൃഷ്ടിക്കാൻ അവർ നിരന്തരം ശ്രമിച്ചു. “എനിക്ക് വന്നതുപോലെ മറ്റാർക്കും വരരുത്; എല്ലാവരും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം” എന്നായിരുന്നു അവരുടെ വാക്കുകൾ.
ആരോഗ്യകരമായ ജീവിതശൈലി രോഗസാധ്യത കുറയ്ക്കുമെങ്കിലും കാൻസർ പൂർണമായി തടയുമെന്ന് ഉറപ്പുനൽകാനാകില്ലെന്നും, രോഗകാരണം എപ്പോഴും ജീവിതശൈലി കൊണ്ട് മാത്രം വിശദീകരിക്കാനാകില്ലെന്നും ഓർമ്മിപ്പിച്ചാണ് ലേഖ അംബുജാക്ഷൻ മടങ്ങുന്നത്.
േ്േ്

