അടൂർ പ്രകാശിനെ പിന്തുണച്ചതിന് കടുത്ത സൈബറാക്രമണം: ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ജെബി മേത്തർ എംപി
ഷീബ വിജയൻ
പരസ്യപ്രതികരണത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബറാക്രമണത്തിൽ പരാതി നൽകി മഹിളാ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ ജെബി മേത്തർ. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെ സൈബറാക്രമണം നടക്കുന്നുവെന്നാണ് പരാതി.
യുഡിഎഫ് കൺവീനർ പറഞ്ഞ കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണെന്നും ജെബി മേത്തർ മാധ്യമങ്ങളോട് പറഞ്ഞു. നമ്മൾ എന്ത് നിലപാട് എടുക്കണമെന്ന് ആരൊക്കെയോ എവിടെയൊക്കെയോ നിന്ന് ആജ്ഞാപിക്കുന്നുവെന്നും അതിന് നിന്ന് കൊടുക്കില്ലെന്നും വ്യക്തമാക്കിയ എംപി, ആരാണ് ഇത് ചെയ്യുന്നത്, ചെയ്യിക്കുന്നത് എന്ന് പൊലീസ് കണ്ടെത്തട്ടെ എന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് ഇതിൽ ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ജെബി മേത്തർ പ്രതികരിച്ചു.
അതേസമയം അടൂർ പ്രകാശ് പങ്കുവെച്ചത് അദ്ദേഹത്തിന്റെ അനുഭവമാണെന്നും അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമുണ്ടെന്നുമായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം. ഉടൻ കെപിസിസി എക്സിക്യൂട്ടീവ് വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കെപിസിസി പ്രസിഡന്റിന് കത്ത് നൽകുകയും ചെയ്തിരുന്നു.
dvdsdsds

