ഇ.എൻ. സുരേഷ് ബാബുവിനെതിരെ 11 പരാതികൾ: വിജിലൻസും അന്വേഷണവും കടുപ്പിക്കാൻ സിപിഎം


ഷീബ വിജയൻ


സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതികൾ അന്വേഷിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയുണ്ടാകും. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമാണ് സുരേഷ് ബാബു. പരാതികൾ നിലനിൽക്കേ സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നത് പാർട്ടിക്ക് വീണ്ടും തലവേദന ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

പാർട്ടി അനുകൂല അഭിഭാഷക സംഘടനാ നേതാവ് കൂടിയായ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയതുൾപ്പെടെ 11 പരാതികളാണ് സുരേഷ് ബാബുവിനെതിരെയുള്ളത്. അഭിഭാഷക ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നൽകിയതായാണ് വിവരം. ആരോപണങ്ങൾ തെളിഞ്ഞാൽ സുരേഷ് ബാബുവിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ മാറ്റി നിർത്താനാണ് സാധ്യത. ഒരുപക്ഷേ എല്ലാ ജില്ലകളിലെയും വിപുലീകരിച്ച കമ്മിറ്റികൾ പൂർത്തിയായ ശേഷമാകും നടപടിയിലേക്ക് കടക്കുക. സുരേഷ് ബാബുവിനെതിരായ നടപടി നവീകരണത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് പറഞ്ഞു. നടപടി തിരുത്തലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു.

ജില്ലാ സെക്രട്ടറിക്കെതിരെ പരാതി കിട്ടിയോ ഇല്ലയോ എന്നതല്ല കാര്യം, വിപുലീകരിച്ച കമ്മിറ്റി കൂടുന്നത് ഒഴിവാക്കേണ്ടവരെ ഒഴിവാക്കാനും ഉൾപ്പെടുത്തേണ്ടവരെ ഉൾപ്പെടുത്താനുമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. എല്ലാം സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷിന്റെ പ്രതികരണം. ഇ.എൻ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഎം നേതാവ് വി. ശിവൻകുട്ടി പറഞ്ഞു. നേതൃത്വം എല്ലാം മനസ്സിലാക്കുന്നുണ്ടോ എന്ന സംശയം പ്രവർത്തകർക്കുണ്ടായിരുന്നു, ഇപ്പോൾ അതെല്ലാം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇ.എൻ സുരേഷ് ബാബുവിന് പുറമെ മറ്റ് ജില്ലാ സെക്രട്ടറിമാർക്ക് എതിരെയും നടപടിക്ക് സാധ്യതയുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. പാലക്കാട്ടെ എ.കെ ബാലൻ അടക്കമുള്ള മുതിർന്ന നേതാക്കൾ സുരേഷ് ബാബുവിനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തില്ലെന്നാണ് വിവരം.

article-image

cxzxzxxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed