ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ്: ക്രയവിക്രയം ഈ വർഷം 100 കോടി ദിനാർ പിന്നിട്ടു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ റെക്കോർഡ് കുതിപ്പ്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ വസ്തു ക്രയവിക്രയം 100 കോടി ദിനാർ (1.028 ശതകോടി ദിനാർ) പിന്നിട്ടതായി സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ വ്യക്തമാക്കുന്നു. സെപ്റ്റംബർ മാസത്തിൽ മാത്രം 11.6 കോടി ദിനാറിന്റെ ഇടപാടുകളാണ് നടന്ന് കഴിഞ്ഞത്. 2026 അവസാനിക്കാൻ മൂന്ന് മാസം കൂടി ശേഷിക്കെയാണ് വിപണി ഈ ചരിത്ര നേട്ടം കൈവരിച്ചത്.
സെപ്റ്റംബർ 13 വരെ 96 കോടി ദിനാറിന്റെ 19,914 ഇടപാടുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സെപ്റ്റംബർ രണ്ടാം പകുതിയിലും വിപണിയിൽ വ്യാപാരം ശക്തമായി തുടർന്നതോടെയാണ് തുക 1.028 ശതകോടി ദിനാറിലേക്ക് ഉയർന്നത്. ഈ വർഷത്തെ രണ്ടാം പാദത്തിൽ (Q2) 2,756 ഇടപാടുകളിലായി 37.66 കോടി ദിനാറിന്റെ റിയൽ എസ്റ്റേറ്റ് വിൽപ്പന നടന്നിരുന്നു.
രണ്ടാം പാദത്തിൽ ഏറ്റവും കൂടുതൽ വ വിൽപ്പനയും ഉയർന്ന മൂല്യമുള്ള ഇടപാടുകളും നടന്നത് ദിയാർ അൽ മുഹറഖിലാണ്; 3.21 കോടി ദിനാർ മൂല്യമുള്ള 293 ഇടപാടുകളാണ് ഇവിടെ നടന്നത്. അതേസമയം ചതുരശ്ര മീറ്ററിന് ശരാശരി 1,052 ദിനാർ നിരക്കിൽ മനാമ സീഫ്രണ്ടിലാണ് ഏറ്റവും ഉയർന്ന ശരാശരി വിൽപ്പന വില രേഖപ്പെടുത്തിയത്.
ബഹ്‌റൈന്റെ എണ്ണയിതര സാമ്പത്തിക മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രംഗങ്ങളിലൊന്നായി റിയൽ എസ്റ്റേറ്റ് മാറിയിട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, 2026-ന്റെ ആദ്യ പാദത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് 8.3 ശതമാനം പ്രതിവർഷ വളർച്ച രേഖപ്പെടുത്തി. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 4.7 ശതമാനം പങ്കാളിത്തമാണ് ഈ മേഖല നൽകുന്നത്. നിർമ്മാണ മേഖല 1.5 ശതമാനം വളർച്ചയോടെ ജി.ഡി.പിയിൽ 7 ശതമാനം പങ്കുവഹിക്കുന്നു.
ഇടപാടുകൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കാൻ ഓൺലൈൻ സേവനങ്ങളും ശക്തമാക്കിയിട്ടുണ്ട്. വസ്തു രജിസ്ട്രേഷൻ ഫീസ് മുൻകൂട്ടി കണക്കാക്കാനുള്ള പരിഷ്കരിച്ച ഓൺലൈൻ കാൽക്കുലേറ്റർ സംവിധാനം സെപ്റ്റംബർ 10-ന് അവതരിപ്പിച്ചു. മുമ്പ് 20 മുതൽ 30 മിനിറ്റ് വരെ സമയമെടുത്തിരുന്ന ഈ പ്രക്രിയ ഇനി കസ്റ്റമർ സർവീസിൽ വിളിക്കാതെ തന്നെ നിമിഷങ്ങൾക്കകം ഓൺലൈനായി പൂർത്തിയാക്കാം.
#BahrainNews #BahrainRealEstate #BahrainEconomy #4PMNews
dffdsdffdf

