കേരള കോൺഗ്രസിൽ പോര് ശക്തം; പരാതിയുമായി അടൂർ പ്രകാശ് ഡൽഹിയിലേക്ക്
ഷീബ വിജയൻ
തിരുവനന്തപുരം: തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയതിന് പിന്നാലെ, വിഷയം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിക്കാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന അദ്ദേഹം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി നൽകും. വിഷയം അടിയന്തരമായി പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സംസ്ഥാന കോൺഗ്രസിലെയും മുന്നണിയിലെയും പ്രധാന തീരുമാനങ്ങളിൽ നിന്ന് തന്നെ ബോധപൂർവം മാറ്റിനിർത്തുന്നു എന്നാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുഖ്യമന്ത്രി വിഡി സതീശനും ഡൽഹിയിലുണ്ടാകും. അതിനാൽ ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതാക്കളുമായി നേരിട്ട് ചർച്ച നടത്താൻ വഴിയൊരുങ്ങും. 'സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം തിങ്കളാഴ്ച കേന്ദ്ര നേതൃത്വത്തെ അറിയിക്കും. തുടർന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ. എന്നെ ഈ സ്ഥാനത്തുനിന്ന് മാറ്റാനാണ് തീരുമാനമെങ്കിൽ പോലും അത് അംഗീകരിക്കും' -അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന വിഭാഗത്തിൽ നിന്ന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. അതേസമയം, മുതിർന്ന ചില നേതാക്കളുടെ പിന്തുണയോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന സംശയത്തിലാണ് വിഡി സതീശൻ അനുകൂലികൾ. വിഷയം വച്ചുതാമസിപ്പിക്കാതെ ഹൈക്കമാൻഡ് ഉടൻ ഇടപെട്ട് പരിഹാരം കാണുമെന്നാണ് സൂചന.
fgvfggffg

