ബാജി ഓടംവേലിയുടെ 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' പുസ്തകം പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ ഡി.സി.: പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ബാജി ഓടംവേലിയുടെ പുതിയ പുസ്തകം 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) കൺവെൻഷനിൽ വെച്ച് പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ, നോവലിസ്റ്റ് വി. ജെ. ജെയിംസിന് ആദ്യപ്രതി നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ലാനാ പ്രസിഡന്റ് സാമുവേൽ യോഹന്നാൻ അധ്യക്ഷത വഹിച്ചു.
േ്ിേ്ി
അമേരിക്കയിൽ ജീവിക്കുന്ന 30 മലയാളി എഴുത്തുകാരെയും അവരുടെ ശ്രദ്ധേയമായ കൃതികളെയും അടുത്തറിയാൻ സഹായിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ഇമലയാളി ഓൺലൈനിലും വീക്കിലിയിലും പ്രസിദ്ധീകരിച്ച ജനപ്രിയ പുസ്തകപരിചയ പക്തിയിലെ ലേഖനങ്ങളാണ് സാഹിതി പബ്ലിക്കേഷൻസ് പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. അബ്ദുൾ പുന്നയൂർക്കുളം, തമ്പി ആന്റണി, വി.ജെ. ജെയിംസ് ഉൾപ്പെടെയുള്ള മുപ്പത് പ്രമുഖരുടെ രചനകളെക്കുറിച്ചുള്ള പഠനങ്ങൾ ഇതിലുണ്ട്.
ഫോർ പി എം ന്യൂസിലെ കോളമിസ്റ്റായിരുന്ന ബാജി ഓടംവേലി നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കൺവെൻഷൻ ചെയർമാൻ വേണുഗോപാലൻ കൊക്കോടൻ, കൺവീനർ ഷിനോ കുര്യൻ, നിർമ്മല ജോസഫ്, ഷാജു ജോൺ, ഹരിദാസ് തങ്കപ്പൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 140 പേജുള്ള പുസ്തകത്തിന് 225 രൂപയാണ് വില.

