ഇറാനിയൻ ആക്രമണങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ബഹ്റൈൻ അധികൃതർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന് നേരെ ഉണ്ടാകുന്ന ഇറാനിയൻ ആക്രമണങ്ങൾ രാജ്യം അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ബഹ്‌റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷണൽ ആൻഡ് എനർജി സ്റ്റഡീസ് ('ദെരാസത്ത്') ബോർഡ് ചെയർമാൻ ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ദീർഘവീക്ഷണവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളുമാണ് വഴികാട്ടിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത, വാർത്താവിനിമയ മന്ത്രി കൂടിയായ ഡോ. ശൈഖ് അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ദെരാസത്തിന്റെ മൂന്നാം പാദ ബോർഡ് യോഗത്തിലാണ് നിർണായക പരാമർശങ്ങൾ.
ന്യൂയോർക്കിൽ നടന്ന എൺപത്തൊന്നാമത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ഉച്ചകോടിക്കിടെ, യുഎൻഡിപിയുമായി ചേർന്ന് ദെരാസത്ത് സംഘടിപ്പിച്ച ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചകൾ ബോർഡ് അവലോകനം ചെയ്തു. പൗരന്മാരെ മുൻനിർത്തിയുള്ള ഡിജിറ്റൽ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ബഹ്‌റൈന്റെ ദേശീയ മാനവ വികസന റിപ്പോർട്ടിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. കൂടാതെ, വോഷിംഗ്ടണിൽ നടന്ന ഗൾഫ്-യുഎസ് തിങ്ക് ടാങ്ക് സ്ട്രാറ്റജിക് ഡയലോഗിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായും, ഇതിന്റെ മൂന്നാം ഘട്ട വിപുലമായ സമ്മേളനം വരും നവംബറിൽ മനാമയിൽ നടക്കുമെന്നും ചെയർമാൻ അറിയിച്ചു.
തൊഴിൽ-ശാസ്ത്ര രംഗത്തെ സഹകരണത്തിനായി റിയാദിലെ കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയുമായി ഒപ്പുവെച്ച ധാരണാപത്രത്തിനും യോഗം അംഗീകാരം നൽകി. അലുമിനിയം ബഹ്‌റൈനായി 2050 വരെയുള്ള ഊർജ്ജ പുനരുപയോഗവും കാർബൺ പുറന്തള്ളൽ കുറയ്ക്കലും ലക്ഷ്യമിട്ട് ദെരാസത്ത് പൂർത്തിയാക്കിയ പഠനത്തെ ബോർഡ് പ്രശംസിച്ചു. സ്ഥാപനത്തിന്റെ നാലാം പാദത്തിലെ മുൻഗണനാ പദ്ധതികളും ഗവേഷണ ലക്ഷ്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ോേ്ോേ്

