13ആം വാർഷിക തിളക്കത്തിൽ ബഹ്റൈൻ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് രാജ്യത്തെ പ്രവർത്തനങ്ങളുടെ 13-ാം വാർഷികം ആഘോഷിച്ചു. സ്ഥാപനത്തിന്റെ ആദ്യ ശാഖയായ ഹിദ്ദിൽ നടന്ന ചടങ്ങിൽ സീനിയർ മാനേജ്‌മെന്റ് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. 2013-ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ബഹ്‌റൈനിലെ സ്വദേശികളുടെയും പ്രവാസി സമൂഹത്തിന്റെയും മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വിശ്വസ്തവും മികച്ചതുമായ സേവനങ്ങളാണ് ലുലു എക്സ്ചേഞ്ച് കാഴ്ചവെക്കുന്നത്.
പണം അയക്കലും കറൻസി വിനിമയവുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ദൈനംദിന ബിൽ പേയ്‌മെന്റുകൾ, എൽഎംആർഎ (LMRA) വിസ ഫീസ് അടക്കാനുള്ള സൗകര്യങ്ങൾ, സ്കൂൾ ഫീസ് പേയ്‌മെന്റുകൾ എന്നിവ ഉൾപ്പെടെ വിപുലമായ സേവനങ്ങളാണ് നൽകുന്നത്. ബ്രാഞ്ചുകളിൽ നേരിട്ടെത്തി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനൊപ്പം 'ലുലു മണി ആപ്പ്' (LuLu Money App) വഴി ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറിയ ഉപഭോക്താക്കളുടെ എണ്ണത്തിലും വൻ വർധനവുണ്ടായി.
ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസൃതമായി ശാഖകളുടെ ശൃംഖല വ്യാപിപ്പിക്കാനും ഡിജിറ്റൽ സേവനങ്ങൾ സുഗമമാക്കാനും കഴിഞ്ഞതാണ് സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. 13 വർഷത്തെ വിജയകരമായ യാത്രയിൽ കമ്പനിയെ വിശ്വസിച്ച ഉപഭോക്താക്കൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ബഹ്‌റൈൻ തങ്ങളുടെ വളർച്ചയിൽ എന്നും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും, ഭാവിയിലും കൂടുതൽ ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് വ്യക്തമാക്കി.
്ംി്േി

