ബഹ്‌റൈനിൽ ചിക്കൻപോക്സ് രോഗബാധയിൽ വൻ കുറവ്: വാക്സിൻ ലഭ്യമാക്കിയ ശേഷം കേസുകളിൽ 89 ശതമാനത്തിന്റെ ഇടിവെന്ന് പഠനം
പ്രദീപ് പുറവങ്കര
മനാമ:
ബഹ്‌റൈനിൽ ചിക്കൻപോക്സ് രോഗബാധയിൽ 89 ശതമാനത്തോടടുത്ത് വൻ കുറവ് രേഖപ്പെടുത്തിയതായി പുതിയ പഠന റിപ്പോർട്ട്. 2015-ൽ കുഞ്ഞുങ്ങൾക്കായി ചിക്കൻപോക്സ് പ്രതിരോധ വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് രോഗവ്യാപനത്തിൽ ഈ ഗണ്യമായ ഇടിവുണ്ടായത്. ആരോഗ്യ മന്ത്രാലയം, അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റി, റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലൻഡ് - ബഹ്‌റൈൻ എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ക്ലിനിക്കൽ ആൻഡ് എക്സ്പെരിമെന്റൽ പീഡിയാട്രിക്സിലാണ്' പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2010 മുതൽ 2024 വരെയുള്ള കാലയളവിൽ ബഹ്‌റൈനിൽ സ്ഥിരീകരിച്ച 32,177 ചിക്കൻപോക്സ് കേസുകളാണ് ഗവേഷണ സംഘം വിശകലനം ചെയ്തത്. വാക്സിനേഷൻ ആരംഭിച്ച 2015-ൽ ഒരു ലക്ഷം പേരിൽ 251.8 ആയിരുന്ന രോഗനിരക്ക്, കുത്തിവെപ്പ് വ്യാപകമായതോടെ 28.5 ആയി കുറഞ്ഞു. അതായത് രോഗബാധയിൽ 88.7 ശതമാനത്തിന്റെ കുറവുണ്ടായി. വാക്സിൻ എടുത്തവരിൽ രോഗബാധ അപൂർവമാണെന്നും, ഗുരുതരമായ അവസ്ഥയുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതും വാക്സിൻ എടുക്കാത്ത മുതിർന്നവരിലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
രോഗബാധിതരിൽ 98 ശതമാനത്തിലധികം പേർക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വച്ചുതന്നെ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. ആകെ 12 പേരെ (0.1 ശതമാനം) മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നത്; ഇവരെല്ലാവരും വാക്സിൻ സ്വീകരിക്കാത്തവരുമായിരുന്നു. രോഗികളിൽ ഭൂരിഭാഗവും അഞ്ചു മുതൽ ഒൻപത് വയസ്സു വരെയുള്ള കുട്ടികളാണ് (36.1 ശതമാനം). വാക്സിനേഷൻ പ്രോഗ്രാം വിജയകരമായി തുടരുന്നതിനൊപ്പം കൃത്യമായ നിരീക്ഷണവും പഠനങ്ങളും ഭാവിയിലും അത്യാവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
sdfgdsg

