ഉപേക്ഷിക്കപ്പെട്ട വീടുകൾ ഏറ്റെടുക്കാനും ബഹുനില കെട്ടിടങ്ങൾ നിർമിക്കാനും ശിപാർശയുമായി മനാമ ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ്
പ്രദീപ് പുറവങ്കര
മനാമ: തലസ്ഥാന ഗവർണറേറ്റിലെ പാർപ്പിട ക്ഷാമത്തിന് പരിഹാരമായി ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും ഉപയോഗശൂന്യമായ സ്ഥലങ്ങളും ഏറ്റെടുക്കാനും, കൂടുതൽ ബഹുനില സമുച്ചയങ്ങൾ നിർമിക്കാനും നിർദ്ദേശം. ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് സംഘടിപ്പിച്ച തുറന്ന മജ്‌ലിസിലാണ് ഈ നിർണായക നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. എംപിമാർ, സാമൂഹിക നേതാക്കൾ, നിവാസികൾ, ഭവന-നഗരാസൂത്രണ മന്ത്രാലയ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പരമ്പരാഗതമായി സ്വതന്ത്ര വീടുകൾക്ക് മുൻഗണന നൽകിയിരുന്ന ബഹറൈനി കുടുംബങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമാണ് പ്രകടമാകുന്നത്. മുൻ റിപ്പോർട്ടുകൾ പ്രകാരം അപാർട്ട്മെന്റുകൾക്കുള്ള ആവശ്യകതയിൽ 105 ശതമാനത്തിന്റെ വർധനവുണ്ടായി. രണ്ട് പതിറ്റാണ്ടോളമായി ഭവന പദ്ധതിക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക്, പരിമിതമായ സ്ഥലസൗകര്യമുള്ള തലസ്ഥാനത്ത് അപാർട്ട്മെന്റുകൾ പ്രായോഗികമായ ബദലായി മാറിയിരിക്കുകയാണ്.
സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിൽ ഇത്തരം മാറ്റങ്ങൾ പുതിയ ഭവന മാതൃകകൾക്ക് വഴിയൊരുക്കണമെന്ന് പാർലമെന്റിലെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി വൈസ് ചെയർമാൻ മൊഹമ്മദ് ജനാഹി എംപി പറഞ്ഞു. ഉപയോഗിക്കാതെ കിടക്കുന്ന പഴക്കമുള്ള കെട്ടിടങ്ങൾ പുനർനിർമിക്കുന്നതിലൂടെയും, സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ബഹുനില സമുച്ചയങ്ങൾ പണിയുന്നതിലൂടെയും പുതിയ ഭൂമി കണ്ടെത്താതെ തന്നെ കൂടുതൽ കുടുംബങ്ങൾക്ക് വീട് നൽകാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തലസ്ഥാനത്തെ ജനങ്ങൾക്ക് തങ്ങളുടെ പരമ്പരാഗത പ്രദേശങ്ങളോടും ബന്ധുക്കളോടും ചേർന്നുനിൽക്കാനാണ് താത്പര്യമെന്ന് ബോർഡ് ചെയർമാൻ സ്വാലിഹ് തറാദയും വൈസ് ചെയർപേഴ്സൺ ഡോ. ഖുലൂദ് അൽ ഖത്താനും വ്യക്തമാക്കി. നിലവിൽ ഈസ്റ്റ് സിത്ര ഹൗസിംഗ് സിറ്റി പദ്ധതിയിലൂടെ 3,000-ത്തിലധികം ഭവന യൂണിറ്റുകൾ നിർമിച്ചുവരുന്നുണ്ട്. കൂടാതെ ഈസ ടൗൺ, ഉമ്മുൽ ഹസ്സം, സനാബിസ് എന്നിവിടങ്ങളിലെ പഴയ അപാർട്ട്മെന്റുകൾ പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങളും മന്ത്രാലയം തുടരുകയാണ്.
sdfsdf

