ദേശീയ ഐക്യവും വ്യാജവാർത്ത പ്രതിരോധവും പ്രധാനം: ബഹ്‌റൈൻ മാധ്യമമേഖലയ്ക്ക് ആദരവുമായി കിരീടാവകാശി
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന് സേവനമേകുന്നതിലും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിലും ദേശീയ ഐക്യവും സാമൂഹിക ഒരുമയും ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്കും ദേശീയ ഉത്തരവാദിത്തവും വളരെ വലുതാണെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. വിവരസാങ്കേതിക മന്ത്രാലയം , നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർഎന്നിവിടങ്ങളിൽ ഇന്നലെ നടത്തിയ സന്ദർശനത്തിലാണ് അദ്ദേഹം മാധ്യമ മേഖലയുടെ സേവനങ്ങളെ പ്രകീർത്തിച്ചത്.
പ്രത്യേകിച്ച് വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ, കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും വ്യാജപ്രചരണങ്ങളെയും തെറ്റായ വിവരങ്ങളെയും കാര്യക്ഷമമായി ചെറുക്കാനും മാധ്യമങ്ങൾ മുൻപന്തിയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പ്രതിസന്ധികളെ പ്രൊഫഷണലിസത്തോടെ നേരിടാൻ മാധ്യമങ്ങൾ കാണിച്ച സജ്ജതയെയും ആർജ്ജവത്തെയും അദ്ദേഹം അഭിനന്ദിച്ചു.
രാജാവായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായി, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള മാധ്യമ മേഖലയ്‌ക്കൊപ്പം വേഗത കൈവരിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ബഹ്‌റൈനിലെ മാധ്യമ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ സന്ദർശനവേളയിൽ വിലയിരുത്തപ്പെട്ടു. വിവരസാങ്കേതിക മന്ത്രാലയത്തിലെയും എൻ.സി.സിയിലെയും ജീവനക്കാരുടെയും പ്രാദേശിക മാധ്യമപ്രവർത്തകരുടെയും കഠിനാധ്വാനത്തിന് രാജാവിന്റെ സന്ദേശവും അഭിനന്ദനങ്ങളും അദ്ദേഹം കൈമാറി.
തുടർന്ന് പ്രാദേശിക പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫുമാരുമായും കിരീടാവകാശി പ്രത്യേക കൂടിക്കാഴ്ച നടത്തി. പത്രരംഗത്ത് പ്രവർത്തിക്കുന്ന ഏവരുടെയും അർപ്പണബോധത്തിന് അദ്ദേഹം നന്ദി അറിയിച്ചു. 'ടീം ബഹ്‌റൈൻ' എന്ന നിലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും പ്രിൻസ് സൽമാൻ ഊന്നിപ്പറഞ്ഞു.
സന്ദർശനത്തിനിടെ മന്ത്രാലയത്തിന്റെയും എൻ.സി.സിയുടെയും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആശയവിനിമയ രംഗത്ത് നടപ്പിലാക്കിയ പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. കിരീടാവകാശിയുടെ ഈ അംഗീകാരവും പ്രോത്സാഹനവും മാധ്യമമേഖലയിലുള്ള ഏവർക്കും വലിയ അഭിമാനവും പ്രചോദനവുമാണെന്ന് വിവരസാങ്കേതിക കാര്യ മന്ത്രി ഡോ. റംസാൻ അൽ നുഐമി പ്രതികരിച്ചു.
ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഇന്റീരിയർ മിനിസ്റ്റർ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മിനിസ്റ്റർ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിച്ചു.
#BahrainMedia #HRHPrinceSalman #BahrainNews #4PMNews
scssssa
asadsdsads

