ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തം; മാധ്യമപ്രവർത്തകനടക്കം എട്ടുപേർ കൊല്ലപ്പെട്ടു
ശാരിക
വെടിനിർത്തൽ കരാർ നിലനിൽക്കെ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ പ്രമുഖ ഫലസ്തീൻ മാധ്യമപ്രവർത്തകനടക്കം എട്ടുപേർ കൂടി കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകനായ മുഹമ്മദ് അബ്ദുൽ അസീസ് അൽ നജ്ജാറാണ് കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 263ാമത്തെ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം.
തെക്കുപടിഞ്ഞാറൻ ഗസ്സ സിറ്റിയിലെ തൽ അൽ ഹവയിൽ യാത്രാ വാനിനു നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിക്ക് സമീപമുള്ള അപ്പാർട്ട്മെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലും മധ്യ ഗസ്സയിലെ ദൈർ അൽ ബലാഹിലും ഇസ്രായേൽ ഡ്രോൺ-ടാങ്ക് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതുപേരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷമുള്ള കാലയളവിൽ മാത്രം ഇതുവരെ 1,431 ഫലസ്തീനികൾ കൊല്ലപ്പെടുകയും 5,026 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
qededas

