മംഗളൂരു ഇനി ദക്ഷിണ റെയിൽവേയിൽ ഇല്ല; ഒരു നൂറ്റാണ്ട് നീണ്ട ബന്ധത്തിന് ഇന്ന് വിരാമം


ഷീബ വിജയൻ

കാസർകോട്: കേരളത്തിന്റെ കടുത്ത എതിർപ്പുകളും പ്രതിഷേധങ്ങളും മറികടന്ന്, മംഗളൂരുവിന് ദക്ഷിണ റെയിൽവേയുമായുള്ള നൂറ്റാണ്ട് പഴക്കമുള്ള ബന്ധം ഇന്ന് പൂർണമായി അവസാനിക്കും. വ്യാഴാഴ്ച മുതൽ മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. മംഗളൂരു സ്വദേശികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലാകുന്നതോടെ മംഗളൂരു മേഖലയിലെ ഭരണം കുറച്ചുകൂടി എളുപ്പത്തിലാകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിഭജനം പിൻവലിക്കാൻ റെയിൽവേ വിസമ്മതിച്ചത്. ബുധനാഴ്ചയോടെ റെയിൽവേ പ്രവർത്തനങ്ങളുടെ നിയന്ത്രണം മൈസൂരു ഡിവിഷന് കൈമാറി. സെപ്റ്റംബർ 28, 29 തീയതികളിൽ രണ്ടുദിവസത്തെ മേൽനോട്ടത്തിന് ശേഷം റെയിൽവേ കൺട്രോളർമാർ പ്രവർത്തനങ്ങളുടെ പൂർണ ചുമതലയേറ്റെടുത്തു.

ഭരണപരമായ കാര്യങ്ങളുടെ കൈമാറ്റം കൂടി പൂർത്തിയാകുന്നതോടെ നടപടികൾ പൂർണമാകും. ഇന്നുമുതൽ കർണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ഉല്ലാൾ സ്റ്റേഷനിലേക്കുള്ള പാതയായിരിക്കും ദക്ഷിണ റെയിൽവേയുടെ വടക്കൻ അതിർത്തി. ഓഗസ്റ്റ് 21നാണ് മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ ടെർമിനലുകൾ, ഗുഡ്സ് ഷെഡ്, മാർഷലിങ് യാർഡുകൾ, ഏകദേശം 38 റൂട്ട് കിലോമീറ്റർ പാത എന്നിവയെ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. 2024ൽ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും, കേന്ദ്രത്തിന്റെ പെട്ടെന്നുള്ള ഉത്തരവും ഏതാനും മണിക്കൂറുകൾക്കകം വന്ന ഗസറ്റ് വിജ്ഞാപനവും സംസ്ഥാന സർക്കാരിനെയും ജനപ്രതിനിധികളെയും അമ്പരപ്പിച്ചു. ദക്ഷിണ കന്നഡ എംപി ബ്രിജേഷ് ചൗട്ടയുടെ വലിയ രാഷ്ട്രീയ വിജയമായാണ് കന്നഡ മേഖലയിൽ ഇത് ആഘോഷിക്കപ്പെടുന്നത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 21ന് അവസാനവട്ട ശ്രമമെന്ന നിലയിൽ എംപിമാർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടെങ്കിലും 2014ന് ശേഷം സംസ്ഥാനത്ത് നടപ്പിലാക്കിയ റെയിൽവേ വികസനങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.

റെയിൽവേ മന്ത്രാലയത്തിന്റെ പിടിവാശി മലബാറിലെ റെയിൽവേ യാത്രക്കാരുടെ കൂട്ടായ്മകളിൽ വൻ അമർഷത്തിന് കാരണമായിട്ടുണ്ട്. വിഭജനം മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ മലബാറിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ആവശ്യപ്പെടാൻ സംഘടനകൾ എം.പിമാരോട് ആവശ്യപ്പെട്ടു. റെയിൽവേ മാപ്പ് പുനർനിർണയിച്ചതോടെ പാലക്കാട് ഡിവിഷന് പ്രതിവർഷം 1,650 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. അതേസമയം, മലബാറിൽ കൂടുതൽ ടെർമിനൽ സൗകര്യങ്ങൾ വികസിപ്പിക്കാനും, ലഭ്യമായ സ്റ്റേഷനുകൾ ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനും ദക്ഷിണ റെയിൽവേ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുനഃസംഘടനയുടെ ഭാഗമായി മംഗളൂരു ജങ്ഷനിലെ റണ്ണിങ് ക്രൂവിനെ ദക്ഷിണ റെയിൽവേ കണ്ണൂർ, കോഴിക്കോട് സ്റ്റേഷൻ ഡിപ്പോകളിലേക്ക് മാറ്റി. സെപ്റ്റംബർ 23ലെ ഉത്തരവ് പ്രകാരം 10 സെറ്റ് ഗുഡ്സ് ട്രെയിൻ ക്രൂവിനെ കണ്ണൂരിലേക്കും 28 സെറ്റുകളെ കോഴിക്കോട്ടേക്കും മാറ്റി. കൂടാതെ 10 ട്രെയിൻ മാനേജർമാരെ കണ്ണൂരിലേക്കും 9 പേരെ കോഴിക്കോട്ടേക്കും പുനർവിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ചുരുക്കം ചില 'ഡെഡ്-എൻഡ്' ടെർമിനലുകളിൽ ഒന്നാണ് മംഗളൂരു സെൻട്രൽ.

ചരിത്രപ്രസിദ്ധമായ മദ്രാസ്-മംഗലാപുരം റെയിൽവേ ലൈൻ ഔദ്യോഗികമായി അവസാനിച്ചിരുന്നത് ഈ സ്റ്റേഷനിലായിരുന്നു. 1907ൽ മദ്രാസ് റെയിൽവേ കമ്പനിയാണ് മംഗളൂരു സെൻട്രൽ (അന്ന് മംഗലാപുരം റെയിൽവേ സ്റ്റേഷൻ) തുറന്നത്. 'മദ്രാസിൽ നിന്ന് 550 മൈൽ' എന്ന് രേഖപ്പെടുത്തിയ ചരിത്രപരമായ നാഴികക്കല്ല് ഇന്നും ഈ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ട്. ബ്രിട്ടീഷ് മലബാറിനെയും ദക്ഷിണ കന്നഡയുടെ തീരദേശ ജില്ലകളെയും നേരിട്ട് മദ്രാസുമായി ബന്ധിപ്പിച്ചിരുന്ന ഈ പാത ഇരുപ്രദേശങ്ങളും തമ്മിലുള്ള വലിയ രീതിയിലുള്ള വ്യാപാര-സാംസ്കാരിക ബന്ധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 1915ൽ 'കങ്കനാടി' എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ മംഗളൂരു ജങ്ഷൻ, 1993ൽ കൊങ്കൺ റെയിൽവേ പാതയും 2007ൽ മംഗളൂരു-ബംഗളൂരു പാതയും പൂർത്തിയായതോടെയാണ് പ്രമുഖ ടെർമിനലായി മാറിയത്. 2007ൽ മംഗളൂരു ജങ്ഷൻ എന്ന് പുനർനാമം ചെയ്യപ്പെട്ട സ്റ്റേഷൻ 2023നും 2025നും ഇടയിൽ വൻതോതിൽ നവീകരിച്ചിരുന്നു.

#SouthernRailway #MangaluruRailway #PalakkadDivision #IndianRailways #KeralaNews

article-image

AZasass

You might also like

  • Lulu Exchange
  • Straight Forward

Most Viewed