ക്രിപ്റ്റോകറൻസി വഴി ലക്ഷങ്ങൾ വെളുപ്പിച്ചു: പ്രതിയുടെ 12 വർഷത്തെ തടവുശിക്ഷ ശരിവെച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായി മെത്താംഫെറ്റാമൈൻ വിറ്റ് സമ്പാദിച്ച 38,000-ത്തിലധികം ബഹ്‌റൈനി ദീനാർ ക്രിപ്റ്റോകറൻസി ഉപയോഗിച്ച് വെളുപ്പിച്ച കേസിലെ പ്രതിയുടെ 12 വർഷത്തെ തടവുശിക്ഷ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശരിവെച്ചു. സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്ത് പിയർ-ടു-പിയർ ഡിജിറ്റൽ കറൻസി വഴി നിയമവിരുദ്ധ പണം വെളുപ്പിച്ച കേസിൽ 26-കാരനായ പാകിസ്താനി പൗരന് നേരത്തെ ലഭിച്ച ശിക്ഷയ്‌ക്കെതിരെയുള്ള എതിർപ്പ് തള്ളിയാണ് കോടതി വിധി.
പ്രതിയുടെ അഭാവത്തിൽ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് ഹാജരായ പ്രതിയുടെ പ്രതിരോധ വാദങ്ങൾ കേട്ട ശേഷമാണ് ജഡ്ജിമാർ മുൻ വിധി ശരിവെച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഏഴ് വർഷത്തെ തടവും 10,000 ദീനാർ പിഴയുമാണ് ശിക്ഷ. കൂടാതെ പ്രതിയിൽ നിന്ന് 38,109 ദീനാർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. 2024-ൽ മയക്കുമരുന്ന് കച്ചവടത്തിന് ഇയാൾക്ക് അഞ്ച് വർഷം തടവും 3,000 ദീനാർ പിഴയും ലഭിച്ചിരുന്നു. ഇതോടെയാണ് ആകെ ശിക്ഷാകാലയളവ് 12 വർഷമായി ഉയർന്നത്.
തന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലാതിരുന്ന സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 38,000-ത്തിലധികം ദീനാർ നിക്ഷേപിച്ചാണ് പ്രതി ഇടപാടുകൾ നടത്തിയത്. തുടർന്ന് ഈ തുക ഉപയോഗിച്ച് തന്റെ ഡിജിറ്റൽ വാലറ്റിലേക്ക് ക്രിപ്റ്റോകറൻസി വാങ്ങിപ്പിച്ച് പണത്തിന്റെ ഉറവിടം മറച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു. 2024-ൽ നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ നിർണ്ണായകമായത്.
ബഹ്‌റൈനിൽ സ്വന്തമായി ബിസിനസ്സോ കൃത്യമായ വരുമാനമാർഗ്ഗമോ ഇല്ലാതിരുന്ന പ്രതിയുടെ അക്കൗണ്ടിലേക്ക് ലഹരിമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ നിന്ന് വൻതുകകൾ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തിരുന്ന് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ ഏജന്റായാണ് ഇയാൾ പ്രവർത്തിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ലഹരിമരുന്ന് വിറ്റുകിട്ടുന്ന പണം അക്കൗണ്ടുകൾ മാറ്റി ഡെപ്പോസിറ്റ് ചെയ്തും ക്രിപ്റ്റോകറൻസിയാക്കി മാറ്റിയും നിയമവിധേയമെന്ന് വരുത്തിത്തീർക്കുകയായിരുന്നു പ്രതിയുടെ രീതി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ പറയുന്നു.
#Bahrain #BahrainCourt #MoneyLaundering #4PMNews
dsdsadsasas

