ഇ. എ. സലീമിന്റെ നോവൽ ‘പൊന്നൊഴുകി വന്ന കാലം’ ബഹ്റൈനിൽ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് ജീവിതത്തിന്റെ ചരിത്രവും സാമൂഹിക യാഥാർഥ്യങ്ങളും അടയാളപ്പെടുത്തുന്ന ഇ. എ. സലീമിന്റെ 'പൊന്നൊഴുകി വന്ന കാലം' എന്ന നോവലിന്റെ ബഹ്റൈൻ പ്രകാശനം നടന്നു. ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സമാജം ബാബുരാജൻ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 'സലാം ബഹ്റൈൻ' സ്ഥാപക മീര രവിക്ക് ആദ്യപ്രതി കൈമാറി അദ്ദേഹം പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബി.കെ.എസ് സാഹിത്യവേദി സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതവും, കൺവീനർ ആദർശ് മാധവൻകുട്ടി നന്ദിയും പറഞ്ഞു.
അനീഷ് നിർമ്മലൻ പുസ്തകപരിചയവും സ്വപ്ന വിനോദ് വായനാനുഭവവും പങ്കുവെച്ചു. ഗൾഫ് മേഖലയിലെ ക്രൂഡ് ഓയിൽ ക്യാപിറ്റലിസത്തിന്റെ ചരിത്രവും അതിനിടയിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളും ജീവിതയാഥാർഥ്യങ്ങളും അടയാളപ്പെടുത്തുന്ന മികച്ച കൃതിയാണിതെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു. സാംസ്കാരിക-സാഹിത്യ രംഗങ്ങളിലെ പ്രമുഖരും നിരവധി സാഹിത്യപ്രേമികളും ചടങ്ങിൽ സംബന്ധിച്ചു.
dfvxvx

