ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം ബഹ്റൈനിൽ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥി
പ്രദീപ് പുറവങ്കര
മനാമ: ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയും (SNCS) ബഹ്‌റൈൻ ബില്ലവാസും സംയുക്തമായി "ട്രിബൂട്ട് ടു ബഹ്‌റൈൻ" (എഡിഷൻ-III) സംഘടിപ്പിക്കുന്നു. "സംസ്കാരങ്ങളുടെ സംഗമവും മാനവികതയുടെ ആത്മാവും" എന്ന ശീർഷകത്തിൽ ഒരുക്കുന്ന ഈ പരിപാടി ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനും, ക്രൗൺ പ്രിൻസും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈൻ പൊതുസമൂഹത്തിനുമുള്ള ആദരവും നന്ദിയും അറിയിക്കുന്നതിന്റെ ഭാഗമായാണ് നടത്തുന്നത്.
2026 ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ 'ന്യൂ ഓറ ആർട്സ്' ബാനറിലാണ് ചടങ്ങുകൾ അരങ്ങേറുന്നത്. ശിവഗിരി മഠം മുൻ അധ്യക്ഷനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, കേരള നിയമസഭാംഗം ചാണ്ടി ഉമ്മൻ, പ്രമുഖ വ്യവസായികളായ ഗോകുലം ഗോപാലൻ, ഡോ. കെ.ജി. ബാബുരാജൻ, പമ്പാവാസൻ നായർ, കെ. മുരളീധരൻ, അമ്പലത്തറ രാജൻ, ജയശങ്കർ വിശ്വനാഥൻ, മഹേഷ് ദേവ്ജി, പി.വി. രാധാകൃഷ്ണപിള്ള, അശോക് കുമാർ, ഫത്താറാം ചന്ദേലിയ, ബിശ്വാസ് കൃഷ്ണ നാരായണൻ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, വ്യവസായ മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങൾക്കുള്ള എസ്.എൻ.സി.എസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. ഗോകുലം ഗോപാലന് ശ്രീനാരായണ ഗുരു എക്‌സലൻസ് അവാർഡും, ഡോ. കെ.ജി. ബാബുരാജന് ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡും നൽകും. പമ്പാവാസൻ നായർക്ക് ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡും, അശോക് കുമാറിന് ശ്രീനാരായണ ഗുരു സേവാ അവാർഡും സമ്മാനിക്കും. കൂടാതെ, ഫത്താറാം ചന്ദേലിയ, ബിശ്വാസ് കൃഷ്ണ നാരായണൻ എന്നിവർക്ക് ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്‌സലൻസ് അവാർഡുകളും നൽകി ആദരിക്കും.
ചടങ്ങിനോടനുബന്ധിച്ച് സരിഗമപ ഫെയിം ലിബിൻ സക്കറിയ, കീർത്തന എന്നിവർ അണിനിരക്കുന്ന പ്രത്യേക സംഗീതനിശയും ഉണ്ടായിരിക്കും. ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ എസ്.എൻ.സി.എസ്, ബഹ്‌റൈൻ ബില്ലവാസ് സംഘാടകർ അറിയിച്ചു.
#SNCSBahrain #TributeToBahrain #SreeNarayanaGuruJayanti #BahrainEvents #BKS #MalayalamNews
sadasd

