ബി.കെ.എസ് 'ശ്രാവണം 2026' സംഗീത സന്ധ്യകൾ സെപ്റ്റംബർ 17, 18 തീയതികളിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’-ന്റെ ഭാഗമായി പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും യുവ വീണാ പ്രതിഭ നീൽഗ്രീവും നയിക്കുന്ന പ്രത്യേക സംഗീത പരിപാടികൾ അരങ്ങേറുന്നു.

സെപ്റ്റംബർ 17-ന് വൈകിട്ട് 7.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സംഗീതസന്ധ്യയിൽ വൈക്കം വിജയലക്ഷ്മി ഗാനങ്ങൾ ആലപിക്കും. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 'എ.ആർ.എം' എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന ഗാനത്തിലൂടെ മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നേടിയ ശേഷമാണ് വിജയലക്ഷ്മി ബഹ്‌റൈനിലെത്തുന്നത്. കാഴ്ചപരിമിതിയെ അതിജീവിച്ച് സംഗീതലോകത്ത് തന്റേതായ ഇടം നേടിയ അവർ, 'സെല്ലുലോയ്ഡ്' ചിത്രത്തിലെ 'കാറ്റേ കാറ്റേ' എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയായത്. തുടർന്ന് ബാഹുബലി, തെരി, ജയ് ഭീം തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമകളിൽ ത തരംഗമായി. ഒറ്റക്കമ്പിയുള്ള ഗായത്രി വീണ മീട്ടുന്നതിലും ഇവർ പ്രാവീണ്യം നേടിയിട്ടുണ്ട്.

സെപ്റ്റംബർ 18-ന് വൈകിട്ട് 7 മണിക്ക് കേരളത്തിൽ നിന്നുള്ള യുവ വീണാ വിദഗ്ദ്ധൻ നീൽഗ്രീവ് അവതരിപ്പിക്കുന്ന ‘മെലോഡിയസ് മ്യൂസിക്’ വീണാ വാദ്യവൃന്ദം നടക്കും. കർണാടക സംഗീതത്തിന്റെയും ജനപ്രിയ ഗാനങ്ങളുടെയും വേറിട്ട ആവിഷ്കാരമാണ് പരിപാടി. വീണ വിദ്വാൻ എ. അനന്തപദ്മനാഭന്റെ ശിഷ്യനായ പത്താം ക്ലാസ് വിദ്യാർത്ഥി നീൽഗ്രീവ്, റോട്ടറി ക്ലബ്ബിന്റെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രശസ്ത വീണ കലാകാരൻ രാജേഷ് വൈദ്യയിൽ നിന്നും പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള ഈ യുവപ്രതിഭ, കൊടകര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.

സംഗീതപ്രേമികൾക്കും കുടുംബങ്ങൾക്കും വേറിട്ട അനുഭവമായിരിക്കും ഈ ദിവസങ്ങളിലെ സംഗീതവിരുന്നെന്ന് ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 2026 കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed