റിപ്പോർട്ടർ ടിവിക്ക് നേരെയുണ്ടായത് 'മാധ്യമ അടിയന്തരാവസ്ഥ': പൊലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിച്ചു ബഹ്‌റൈൻ പ്രതിഭ
പ്രദീപ് പുറവങ്കര
മനാമ: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത പൊലീസ് നടപടിയെ ബഹ്‌റൈൻ പ്രതിഭ ശക്തമായി അപലപിച്ചു. കേസ് അന്വേഷണത്തിന്റെ മറവിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വ്യക്തമായ 'മാധ്യമ അടിയന്തരാവസ്ഥ'യാണെന്ന് സംഘടന പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ബുധനാഴ്ച പുലർച്ചെ അന്വേഷണത്തിന്റെ പേരിൽ ചാനൽ ഓഫീസിലെത്തിയ പൊലീസ് സംഘം, ലൈവ് പ്രക്ഷേപണത്തിന് തയാറെടുത്ത മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ന്യൂസ് ഡെസ്കിൽ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കമായേ കാണാൻ കഴിയൂ എന്ന് പ്രതിഭ അഭിപ്രായപ്പെട്ടു.
എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം നിലയ്ക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്ന ഇത്തരം പൊലീസ് ഗുണ്ടായിസവും അമിതാധികാര പ്രയോഗങ്ങളും ജനാധിപത്യ രാജ്യത്ത് ന്യായീകരിക്കാനാകില്ല. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത മുഴുവൻ മാധ്യമങ്ങൾക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണിത്.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടപ്പിലാക്കുന്ന ഈ കടന്നാക്രമണത്തിന് സർക്കാരും ആഭ്യന്തര വകുപ്പും മറുപടി പറയണമെന്നും, ന്യൂസ് ഡെസ്കിൽ അതിക്രമം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഭ പ്രസിഡന്റ് കെ.വി. മഹേഷും ജനറൽ സെക്രട്ടറി വി.കെ. സുലേഷും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
asdas

