ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം; നാല് പേർ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ'
പ്രദീപ് പുറവങ്കര
മനാമ: വിവിധ മേഖലകളിലെ പ്രതിഭയും നിശ്ചയദാർഢ്യവും പ്രകടമാക്കി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026'-ൽ ഇടംനേടി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ. ഈസ ടൗൺ, റിഫ കാമ്പസുകളിൽ നിന്നുള്ള നാല് വിദ്യാർത്ഥികളുടെ അസാധാരണ നേട്ടങ്ങളാണ് വിദ്യാലയത്തിന് അഭിമാനമായത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനശ്യാം ശ്യാം, 17-ാം വയസ്സിൽ ബി.ഡബ്ല്യു.എഫ്. പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ അമ്പയറായി സേവനമനുഷ്ഠിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലാണ് ചരിത്രനേട്ടം കൈവരിച്ചത്. 2026 ഫെബ്രുവരിയിൽ ബഹ്‌റൈനിൽ നടന്ന ചാമ്പ്യൻഷിപ്പിലേക്ക് ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്‌ക്വോഷ് ഫെഡറേഷൻ ധനശ്യാമിനെ അമ്പയറായി ക്ഷണിക്കുകയായിരുന്നു.
ജൂനിയർ കാമ്പസിലെ മൂന്ന് കൊച്ചുമിടുക്കന്മാരും 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ' തങ്ങളുടെ മുദ്ര പതിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഇനാം മാലിക്, ലോക ഭൂപടത്തിൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളെ അവയുടെ ദേശീയ പതാകകൾ നോക്കി കൃത്യമായി തിരിച്ചറിഞ്ഞ് 'ഐ.ബി.ആർ. അച്ചീവർ' പട്ടം നേടി. യു.കെ.ജി വിദ്യാർത്ഥിയായ മുഹമ്മദ് എൻ, 1 മിനിറ്റ് 31 സെക്കൻഡിനുള്ളിൽ 60 രാജ്യങ്ങളുടെ പതാകകൾ കണ്ടുപിടിച്ച് പേര് പറഞ്ഞ് 'ഐ.ബി.ആർ. അച്ചീവർ' അംഗീകാരം സ്വന്തമാക്കി. മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഫെല്ല മെബാക് എ, നൽകിയ വാക്കുകൾ ഉപയോഗിച്ച് തൽക്ഷണം 25 ഇംഗ്ലീഷ് കവിതകൾ രചിച്ച് ആലപിച്ച് 'ഗ്രാൻഡ് മാസ്റ്റർ' പദവി കൈവരിച്ചു.
വിദ്യാർത്ഥികളുടെ ഉജ്ജ്വല നേട്ടത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ട്യൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മാനേജ്‌മെന്റും അഭിനന്ദനങ്ങൾ അറിയിച്ചു.
cxzcv

