ഒരുമയുടെ പൂക്കളമൊരുക്കി ‘നവകേരളോണം 2026’
പ്രദീപ് പുറവങ്കര
മനാമ: മലയാളത്തിന്റെ തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും ഉയർത്തിപ്പിടിച്ച് ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നവകേരളോണം 2026’ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയും പരസ്പര സൗഹൃദവും വിളിച്ചോതിയ ആഘോഷങ്ങൾ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായി.
ചടങ്ങിൽ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. നാടും പ്രവാസലോകവും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്തുന്നതിൽ നവകേരളയെപ്പോലുള്ള സാംസ്കാരിക സംഘടനകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്റൈൻ നവകേരള പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജ് കൃഷ്ണൻ സ്വാഗതവും കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസയും നേർന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബിജു മലയിൽ നന്ദി രേഖപ്പെടുത്തി. ഭാരവാഹികളായ റൈസൺ വർഗീസ്, ബിജു കൂരോപ്പട, അജയകുമാർ, ഷാജി മൂതല, സുനിൽദാസ് ബാല, ഷാജഹാൻ കരുവന്നൂർ, പ്രശാന്ത് മാണിയത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരക്കളി, തെയ്യം, വിവിധ നൃത്താവതരണങ്ങൾ, ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേള എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രമുഖ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് സമാപിച്ചത്.
sdfsdf

