വേണു വടകരയ്ക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം


മനാമ: ബഹ്റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ വേണു വടകരയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനരംഗങ്ങളിൽ അദ്ദേഹം നൽകി വരുന്ന സേവനങ്ങള്‍ മാനിച്ചും, പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ നടത്തിവരുന്ന സജീവ ഇടപ്പെടലുകൾ കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര ചെമ്മരത്തൂർ സ്വദേശിയായ വേണു വടകര, പ്രവാസി ക്ഷേമത്തിനും നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്ന സജീവ സാമൂഹിക പ്രവർത്തകനാണ്. കഴിഞ്ഞ 35 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ വേണു ഇവിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട നോർക്ക മരണാനന്തര ആനുകൂല്യങ്ങളും സഹായങ്ങളും തടസ്സങ്ങളില്ലാതെ എത്തിക്കുന്നതിൽ അദ്ദേഹം നടത്തുന്ന നിസ്വാർത്ഥ സേവനം ഏറെ പ്രശംസനീയമാണ്. സ്വന്തം ജോലിയുടെ തിരക്കുകൾക്കിടയിലും ഒരൊറ്റയാൾ പോരാളിയെപ്പോലെയാണ് പ്രവാസി സഹോദരങ്ങൾക്കായി അദ്ദേഹം കർമ്മരംഗത്ത് നിലകൊള്ളുന്നത്.

ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്. വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി ഉണ്ണികൃഷ്ണൻ, മനോജ് വടകര, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് പ്രോഡിജി അവാർഡ് രശ്മി എസ് നായർ, മികച്ച കൗൺസിലർക്കുള്ള അവാർഡ് ബിജു തോമസ്, മികച്ച ഫാക്വല്‍റ്റി പുരസ്കാരം റോസ് ലാസർ, മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് രഞ്ജിത്ത് ജോൺ, മികച്ച കോര്‍ഡിനേറ്റർക്കുള്ള പുരസ്കാരം ജിഷ അനു വില്യം എന്നിവർക്കുമാണ് സമ്മാനിക്കുക.

2026 ഒക്ടോബർ 2ന് സൽമാനിയയിലെ കെ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ‍ അറിയിച്ചു. ഇതോടൊപ്പം ഓണാഘോഷപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ബിനു ബിജു പ്രസിഡണ്ടും, ബിജു കെ പി ജനറല്‍ സെക്രട്ടറിയുമായുള്ള 32 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed