ഇസ്‌ലാമിക ചിഹ്നങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: പ്രതിക്ക് ഒരു വർഷം തടവുശിക്ഷ
പ്രദീപ് പുറവങ്കര
മനാമ: ഇസ്‌ലാമിക പ്രതീകങ്ങളെയും ചിഹ്നങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ച് മൈനർ ക്രിമിനൽ കോടതി. ഫോൺ കണ്ടുകെട്ടാനും ശിക്ഷ ഉടനടി നടപ്പാക്കാനും കോടതി ഉത്തരവിട്ടതായി സൈബർ ക്രൈം പ്രോസിക്യൂഷൻ തലവൻ അറിയിച്ചു.
സാമൂഹിക സൗഹാർദത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്നതും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങളാണ് പ്രതി പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അഴിമതി വിരുദ്ധ, സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതാചാര്യന്മാരെയും ആദരണീയരായ ഇസ്‌ലാമിക വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.
വിവരങ്ങൾ ലഭിച്ച ഉടൻ തന്നെ സൈബർ ക്രൈം പ്രോസിക്യൂഷൻ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ റിമാൻഡ് ചെയ്യുകയും ക്രിമിനൽ കോടതിയിലേക്ക് കേസ് കൈമാറുകയുമായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെയും, മതവികാരങ്ങളെയും ആദരണീയ ചിഹ്നങ്ങളെയും വ്രണപ്പെടുത്തുന്ന പ്രവൃത്തികൾക്കെതിരെയും ശക്തമായ നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ തലവൻ വ്യക്തമാക്കി.
aa

