30 കിലോമീറ്റർ നോർത്തേൺ ലിങ്ക് റോഡ്: ബഹ്‌റൈനിൽ ടോൾ സമ്പ്രദായം വരാൻ സാധ്യത
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ നിർദ്ദിഷ്ട 30 കിലോമീറ്റർ നീളമുള്ള 'നോർത്തേൺ ലിങ്ക് റോഡ്' പദ്ധതിയിലൂടെ രാജ്യത്ത് ആദ്യമായി ടോൾ സമ്പ്രദായം നടപ്പിലാക്കാൻ സാധ്യത. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, നിയമ ഉപദേശകരെ കണ്ടെത്തുന്നതിനായി പ്രമുഖ ആഗോള കൺസൾട്ടൻസി കമ്പനികളായ കെ.പി.എം.ജി, ഇ.വൈ കൺസൾട്ടിംഗ്, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്നിവർ ടെൻഡറുകൾ സമർപ്പിച്ചു. ടെൻഡർ ബോർഡ് ഇവരുടെ നിർദ്ദേശങ്ങൾ പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. 24 മാസത്തേക്കാണ് ഉപദേശക കരാർ നൽകുന്നത്.
പദ്ധതിയിൽ ടോൾ പിരിവ് ഏർപ്പെടുത്തുമെന്ന് ടെൻഡർ രേഖകളിൽ നേരിട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, അപേക്ഷിക്കുന്ന കമ്പനികൾക്ക് ടോൾ വരുമാനത്തിലൂടെ ഫണ്ട് കണ്ടെത്തിയ വൻകിട ഹൈവേകളോ പാലങ്ങളോ നിർമ്മിച്ച് പരിചയ സമ്പത്ത് ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇത് റോഡ് നിർമ്മാണത്തിനും പരിപാലനത്തിനുമായി ടോൾ മോഡൽ സർക്കാർ പരിഗണിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയ്ക്ക് സമാന്തരമായി കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് ഈ പാത നിർമ്മിക്കുന്നത്. ഖലീഫ ബിൻ സൽമാൻ പോർട്ടിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന ചരക്കുഗതാഗത പാതയായി ഇത് മാറും. നുറാന, മറാസി അൽ സീഫ്, നോർത്ത് സ്റ്റാർ തുടങ്ങി ആറ് ലക്ഷത്തിലധികം ആളുകൾ താമസിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ നഗരവികസന മേഖലകളെയും നിർദ്ദിഷ്ട പുതിയ വിമാനത്താവള സ്ഥലത്തെയും ഇത് പരസ്പരം ബന്ധിപ്പിക്കും.
പതിനാല് കടൽ പാലങ്ങളും പത്ത് മൾട്ടി ലെവൽ ജംഗ്ഷനുകളും സീഫ് ഡിസ്ട്രിക്റ്റ്, ബുദയ്യ ഹൈവേ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും ഇതിന്റെ ഭാഗമാണ്. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ബഹ്‌റൈനിലെ ഏറ്റവും വലിയ റോഡ് വികസന പദ്ധതികളിൽ ഒന്നായിരിക്കും.
ADFSDSFDS

