ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ കനത്ത ചൂടും ഉയർന്ന ആർദ്രതയും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യവും ഈർപ്പവും (Humidity) വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചൊവ്വാഴ്ച വരെ രാജ്യത്ത് കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 31 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ന് കൂടിയ താപനില 43 ഡിഗ്രിയായിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും 44 ഡിഗ്രിയിലേക്ക് ഉയർന്നേക്കും.
അന്തരീക്ഷത്തിലെ ആപേക്ഷിക ആർദ്രത 20 ശതമാനം മുതൽ 90 ശതമാനം വരെയായിരിക്കും. ഇന്ന് പരമാവധി ഹ്യുമിഡിറ്റി 95 ശതമാനം രേഖപ്പെടുത്തിയേക്കാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഈർപ്പം 90 ശതമാനമായി തന്നെ തുടരും. ചൂടുള്ള കാലാവസ്ഥയോടൊപ്പം കാറ്റിന്റെ ദിശ മാറിമാറി വീശാൻ സാധ്യതയുണ്ടെന്നും ചില ദിവസങ്ങളിൽ വടക്കുകിഴക്കൻ ദിശയിലേക്ക് കാറ്റ് തിരിഞ്ഞേക്കാമെന്നും അധികൃതർ അറിയിച്ചു. കടലിൽ തിരമാലകൾ ഒന്നു മുതൽ മൂന്ന് അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
FVFDSFDS

