'ജി.എസ്.എസ് ലയം പൊന്നോണം 2026': ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണാഘോഷങ്ങൾക്ക് തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (ജി.എസ്.എസ്) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികളായ "ജി.എസ്.എസ് ലയം പൊന്നോണം 2026" ന് വർണ്ണാഭമായ തുടക്കം. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകനും 'ദി ഡെയിലി ട്രിബ്യൂൺ', 'ന്യൂസ് ഓഫ് ബഹ്‌റൈൻ', 'ഫോർ പി എം ന്യൂസ്' എന്നിവയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ ചെലവ് ചുരുക്കി സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്തുനിർത്തുന്ന രീതിയിൽ സംഘടിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി.എസ്.എസ് ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും കൾച്ചറൽ സെക്രട്ടറി വിദ്യാ രാജേഷ് നന്ദിയും പറഞ്ഞു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ വിനീത അരുൺ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നന്ദൻ അയിരൂരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ടും ഓണപ്പാട്ടുകളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഓണപ്പുടവ മത്സരത്തിൽ നാല് വിഭാഗങ്ങളിലായി മുപ്പതോളം കുടുംബാംഗങ്ങൾ പങ്കെടുത്തു. സോണിയ വിനു, നക്ഷത്ര ബിജു എന്നിവർ വിധികർത്താക്കളായ മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ പായസ മത്സരവും പായസമേളയും നടക്കും. ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് അത്തപ്പൂക്കള മത്സരവും സെപ്റ്റംബർ നാലിന് വിപുലമായ ജി.എസ്.എസ് ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
DFGFDF
GRERER
CDDDS

