ബഹ്റൈനിൽ എൽ.എം.ആർ.എ പരിശോധന ശക്തം: ജൂലൈയിൽ 114 പേർ പിടിയിൽ; 420 നിയമലംഘകരെ നാടുകടത്തി
പ്രദീപ് പുറവങ്കര
മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) ബഹ്റൈനിലെമ്പാടും ജൂലൈ മാസത്തിൽ 3,633 പരിശോധനകളും സന്ദർശനങ്ങളും നടത്തി. പരിശോധനയിൽ തൊഴിൽ-താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടതിനെ തുടർന്ന് 114 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നിയമലംഘകരായ 420 പേരെ രാജ്യത്തുനിന്ന് നാടുകടത്തി. എൽ.എം.ആർ.എ നിയമവും റെസിഡൻസ് നിയമവും ലംഘിച്ചവർക്കെതിരെയായിരുന്നു ഈ നടപടി.
കഴിഞ്ഞ മാസത്തെ പരിശോധനകളിൽ 3,449 എണ്ണം വാണിജ്യ സ്ഥാപനങ്ങളിലെ നേരിട്ടുള്ള സന്ദർശനങ്ങളായിരുന്നു. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 184 സംയുക്ത പരിശോധനാ കാമ്പയിനുകളും സംഘടിപ്പിച്ചു.
അനധികൃത തൊഴിൽ രീതികൾ തടയുന്നതിനും തൊഴിൽ വിപണിയുടെ സ്ഥിരത സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.
cvxcv

