വാട്ട്‌സ്ആപ്പ് വഴിയുള്ള ജീവകാരുണ്യം; പണം ഭീകരവാദ ഗ്രൂപ്പുകളിലേക്ക് എത്തിയേക്കാം; മുന്നറിയിപ്പുമായി ബഹ്റൈൻ പോലീസ്
പ്രദീപ് പുറവങ്കര
മനാമ: ഓൺലൈൻ വഴി അപരിചിതമായ വ്യക്തികൾ അയക്കുന്ന ജീവകാരുണ്യ സന്ദേശങ്ങൾ വിശ്വസിച്ച് പണം അയക്കരുതെന്നും, ഇത്തരം പണം ഭീകരവാദ ഗ്രൂപ്പുകളുടെ കൈകളിൽ എത്തിയേക്കാമെന്നും ബഹ്‌റൈൻ പോലീസിന്റെ മുന്നറിയിപ്പ്. പണം കൈമാറുന്നതിന് മുമ്പ് പിരിവ് നടത്തുന്നവരെക്കുറിച്ചും തുക എവിടേക്കാണ് പോകുന്നതെന്നും കൃത്യമായി അന്വേഷിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ 'അമാൻ' ബോധവൽക്കരണ വീഡിയോ പരമ്പരയിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ കാണിച്ച് ആളുകളുടെ കാരുണ്യവും സഹതാപവും മുതലെടുത്താണ് പല വ്യാജ അപ്പീലുകളും സന്ദേശങ്ങളായി എത്തുന്നത്. സംഘടന ലൈസൻസുള്ളതാണോ, വെബ്‌സൈറ്റ് യഥാർത്ഥമാണോ എന്നൊന്നും പരിശോധിക്കാതെ പണം നൽകുന്നത് ബഹ്‌റൈനും പൗരന്മാർക്കും എതിരായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ കൈകളിലേക്ക് തുക എത്തിച്ചേരാൻ കാരണമായേക്കാം.
അപരിചിത നമ്പറുകളിൽ നിന്നും വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്നും വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം അംഗീകൃത സർക്കാർ മാർഗ്ഗങ്ങളിലൂടെ മാത്രം സംഭാവന നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. സകാത്ത് ഫണ്ട്, കടബാധ്യതയുള്ളവരെ സഹായിക്കാൻ അവസരമൊരുക്കുന്ന 'ഫാഇൽ ഖൈർ' തുടങ്ങിയ ആധികാരിക പ്ലാറ്റ്‌ഫോമുകൾ ഇതിനായി ഉപയോഗപ്പെടുത്താം. സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുൻകൂർ ലൈസൻസില്ലാതെ പണപ്പിരിവ് നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കേണൽ ഡോ. ഒസാമ ബഹാർ ഓർമ്മിപ്പിച്ചു.
asdasd

