ഫിഫ ലോകകപ്പ് സെമിഫൈനലും ഫൈനലും തത്സമയം കാണാം; ബഹ്‌റൈൻ എക്‌സിബിഷൻ സെന്ററിൽ വിപുലമായ 'ഫാൻസോൺ' ഒരുങ്ങുന്നു
പ്രദീപ് പുറവങ്കര
മനാമ: ഫിഫ ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ഒന്നിച്ച് ആസ്വദിക്കുന്നതിനായി ഔദ്യോഗിക 'ഫാൻസോൺ' ഒരുക്കി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി. ബിയോൺ അൽ ദാന തിയേറ്ററുമായി സഹകരിച്ചാണ് ഈ പ്രീമിയം കമ്മ്യൂണിറ്റി വ്യൂയിങ് അനുഭവം പൊതുജനങ്ങൾക്കായി ഒരുക്കുന്നത്.
2026 ജൂലൈ 14, 15 (സെമിഫൈനലുകൾ), ജൂലൈ 19 (ഫൈനൽ) തീയതികളിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലെ ടെർമിനൽ 4-ൽ വെച്ചാണ് ഫാൻസോൺ പരിപാടി നടക്കുക. ബഹ്‌റൈനിലെ ഏറ്റവും വലിയ സ്ക്രീനിലാണ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ കുടുംബങ്ങൾക്കും കൂട്ടുകാർക്കും ഫുട്ബോൾ ആരാധകർക്കും ഒപ്പമിരുന്ന് കളി കാണാനുള്ള സൗകര്യം ഇവിടെയുണ്ടാകും.
മത്സരങ്ങൾ ബഹ്‌റൈൻ സമയം രാത്രി 10:00 മണിക്ക് ആരംഭിക്കുമെങ്കിലും, വൈകുന്നേരം 7:00 മണിക്ക് തന്നെ ഗേറ്റുകൾ തുറക്കും. കളി തുടങ്ങുന്നതിന് മുൻപ് സന്ദർശകർക്ക് ആസ്വദിക്കാനായി വിവിധ വിനോദ മേഖലകൾ, ഇന്ററാക്ടീവ് ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷണ-പാനീയ സ്റ്റാളുകൾ എന്നിവയും ഫാൻസോണിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഫാൻസോൺ സന്ദർശിക്കുന്നവർക്കായി വൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. രണ്ട് കാറുകൾ, വിമാന ടിക്കറ്റുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പ്രമുഖ ഹോട്ടലുകളുടെയും വിനോദകേന്ദ്രങ്ങളുടെയും പാക്കേജുകൾ ഉൾപ്പെടെ പ്രതിദിനം ഇരുപതിലധികം മെഗാ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുക.
ബഹ്‌റൈൻ ടൂറിസം അതോറിറ്റിയുടെ ഈ വർഷത്തെ വിപുലമായ സമ്മർ ആക്ടിവേഷൻ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. കായിക-വിനോദ മേഖലകളിൽ മിഡിൽ ഈസ്റ്റിലെ മുൻനിര ലക്ഷ്യസ്ഥാനമായി ബഹ്‌റൈനെ മാറ്റിയെടുക്കുക, പ്രാദേശിക താമസക്കാർക്കും അന്താരാഷ്ട്ര സന്ദർശകർക്കും കുടുംബസമേതം ആസ്വദിക്കാനാകുന്ന മികച്ച അനുഭവങ്ങൾ സമ്മാനിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
scxds

