ഫ്രണ്ട്‌ലൈൻ ഹീറോകൾക്ക് ആദരവുമായി ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ; കാമ്പയിൻ ജൂലൈ 15 വരെ തുടരും
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന് വേണ്ടി അടിയന്തര ഘട്ടങ്ങളിൽ മുൻനിരയിൽ നിന്ന് പോരാടിയ ഫ്രണ്ട്‌ലൈൻ ഹീറോകൾക്ക് ആദരമർപ്പിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ മനാമയിലെ മറാസി ഗലേറിയയിൽ 'ഗ്രാറ്റിഡ്യൂഡ് മാർച്ച്' സംഘടിപ്പിച്ചു. ഫൗണ്ടേഷന്റെ “താങ്ക് യു ഫ്രം ദി ഹാർട്ട്” എന്ന കാമ്പയിന്റെ ഭാഗമായാണ് ഈ പരിപാടി ഒരുക്കിയത്.
ഫൗണ്ടേഷൻ ആക്ടിങ് സെക്രട്ടറി ജനറൽ ഇബ്രാഹിം ദലാൽ അൽ ദോസരി, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങൾ, വിവിധ സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രതിനിധികൾ, ആർ.എച്ച്.എഫ് ജീവനക്കാർ, പദ്ധതികളുടെ ഗുണഭോക്താക്കൾ, പൊതുജനങ്ങൾ എന്നിവരടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് മാർച്ച് നടന്നത്. അടുത്തിടെ രാജ്യത്തിനുണ്ടായ അടിയന്തര സാഹചര്യങ്ങളിലും വ്യോമാക്രമണ സമയത്തും ബഹ്‌റൈനിലെ ജനങ്ങളെ സംരക്ഷിക്കാനും സേവനം ചെയ്യാനും മുൻനിരയിൽ നിന്ന ഉദ്യോഗസ്ഥരുടെ ത്യാഗത്തെ ചടങ്ങിൽ അനുസ്മരിച്ചു. മിനിസ്ട്രി ഓഫ് ഇൻ്റീരിയറിന്റെ കീഴിലുള്ള പോലീസ് മ്യൂസിക് ബാൻഡിൻ്റെ ദേശഭക്തി തുളുമ്പുന്ന സംഗീത വിരുന്ന് മാർച്ചിന് മാറ്റ് കൂട്ടി.
രാജ്യത്തിന് നൽകിയ മികച്ച സേവനങ്ങളെ മുൻനിർത്തി പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, പോലീസ് മ്യൂസിക് ബാൻഡ്, മറാസി ഗലേറിയ, ട്രേനി റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളെ ചടങ്ങിൽ ആർ.എച്ച്.എഫ് ആദരിച്ചു.
മറാസി ഗലേറിയയിൽ നടക്കുന്ന “താങ്ക് യു ഫ്രം ദി ഹാർട്ട്” കാമ്പയിൻ ജൂലൈ 15 വരെ നീണ്ടുനിൽക്കും. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ ബഹ്‌റൈനിലെ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ജീവകാരുണ്യ പദ്ധതികൾക്കായി വിനിയോഗിക്കും. മാളിലെത്തുന്ന സന്ദർശകർക്ക് അവിടെ ഒരുക്കിയിട്ടുള്ള പ്രത്യേക ബുക്കിൽ മുൻനിര പോരാളികൾക്കായി നന്ദി സന്ദേശങ്ങൾ എഴുതാനും, ആർ.എച്ച്.എഫ് സ്റ്റാളിൽ നിന്ന് ബലൂണുകൾ വാങ്ങി ഫൗണ്ടേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അവസരമുണ്ട്.
dsdsds
asds

