തെന്നിന്ത്യൻ വാനമ്പാടിക്ക് വിട; എസ്. ജാനകിയുടെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും


ഷീബ വിജയൻ

ചെന്നൈ: ആറ് പതിറ്റാണ്ടിലേറെക്കാലം തന്റെ അസാധാരണമായ സ്വരമാധുര്യം കൊണ്ട് ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രിയ ഗായിക എസ്. ജാനകിയുടെ ഭൗതികശരീരം ഇന്ന് വൈകുന്നേരം സംസ്കരിക്കും. ശ്വസനസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.30ഓടെയായിരുന്നു തെന്നിന്ത്യൻ വാനമ്പാടിയുടെ അന്ത്യം. 88 വയസ്സായിരുന്നു. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്ന ഗായികയുടെ അന്ത്യാഭിലാഷപ്രകാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടക്കുക.

ഇന്ന് രാവിലെ 8.30 മുതൽ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതികശരീരത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു വരികയാണ്. പൊതുദർശനത്തിന് ശേഷം വൈകുന്നേരം 4.30-ഓടെ ഹുണ്ടിയിലെ നവീൻ ഫാം ഹൗസിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. വൻ ജനത്തിരക്ക് കണക്കിലെടുത്ത് മൈസൂരു നഗരത്തിൽ പോലീസ് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചതിന് ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു ജാനകിയമ്മ താമസിച്ചിരുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17-ഓളം ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണയും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 14 തവണയും ഈ സ്വരചക്രവർത്തിനിയെ തേടിയെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 2013-ൽ രാജ്യം പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം നിരസിച്ച ജാനകിയമ്മയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. 2016-ൽ പുറത്തിറങ്ങിയ 'പത്തു കൽപ്പനകൾ' എന്ന മലയാള ചിത്രത്തിലാണ് ജാനകിയമ്മ അവസാനമായി സിനിമാ ഗാനം ആലപിച്ചത്. തുടർന്ന് 2017-ൽ മൈസൂരുവിൽ നടന്ന സംഗീതനിശയിലാണ് താൻ ഇനി പൊതുവേദിയിൽ പാടില്ലെന്ന് പ്രഖ്യാപിച്ച് സംഗീത ജീവിതത്തോട് അവർ വിടപറഞ്ഞത്. സംഗീത ലോകത്തെ ഈ മഹാപ്രതിഭയുടെ വിയോഗത്തിൽ രാജ്യമെമ്പാടുമുള്ള സംഗീത പ്രേമികൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

article-image

adsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed