ലൈസൻസില്ലാതെ കച്ചവടം നടത്തി: വിദേശിയുടെ നാടുകടത്തൽ ഉത്തരവ് റദ്ദാക്കി കോടതി


പ്രദീപ് പുറവങ്കര

ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വിദേശിയുടെ നാടുകടത്തൽ ശിക്ഷ ബഹ്‌റൈൻ കോടതി റദ്ദാക്കി. ലോവർ ക്രിമിനൽ കോടതിയാണ് പ്രതിക്ക് കരുണ കാണിച്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാൾക്ക് ലഭിച്ച മൂന്ന് മാസത്തെ തടവ് ശിക്ഷ കോടതി ശരിവെച്ചിട്ടുണ്ട്. നേരത്തെ ഈ കേസിൽ പ്രതിക്ക് മൂന്ന് മാസത്തെ തടവും, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലും, പിഴയുമായി കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, തനിക്കെതിരായ വിധിക്കെതിരെ പ്രതി കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷക അമീന കമാൽ, കേസ് എടുത്ത ഉദ്യോഗസ്ഥരുടെ അധികാരപരിധിയിലെ പോരായ്മകളും, പരിശോധന നടപടികളിലെ അസാധുതകളും ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദങ്ങൾ സമർപ്പിച്ചു. വിഷയത്തിൽ വാദങ്ങൾ കേട്ട കോടതി, നേരത്തെ പുറപ്പെടുവിച്ച വിധിയിൽ തെറ്റില്ലെന്ന് നിരീക്ഷിച്ചു. എന്നാൽ കേസിന്റെ സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ച് പ്രതിക്ക് കുറഞ്ഞ അളവിൽ കരുണ കാണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. പ്രതിക്ക് നൽകിയ നാടുകടത്തൽ ശിക്ഷ റദ്ദാക്കിയ കോടതി, ഇയാൾ ഇനി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് വിശ്വസിക്കുന്നതായും വ്യക്തമാക്കി.

article-image

QWSQW

You might also like

  • Lulu Exchange
  • Straight Forward

Most Viewed