ടാങ്കർ ആക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനി ബന്ധിത എണ്ണക്കപ്പലിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തെ ബഹ്‌റൈൻ രാജ്യം ശക്തമായി അപലപിച്ചു. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷനും യു.എൻ രക്ഷാസമിതി പ്രമേയം 2817-നും വിരുദ്ധമാണ് ഈ ആക്രമണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെയും മറ്റ് അന്താരാഷ്ട്ര ജലപാതകളിലൂടെയുമുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ യു.എൻ രക്ഷാസമിതി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, കടലിടുക്ക് തുറന്നുകൊടുക്കാനും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും ഇറാനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.
ഒമാനിലെ ഖസബ് തീരത്ത് നിന്ന് ഏകദേശം 18 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. പ്രൊജക്റ്റൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും പിന്നീട് അണയ്ക്കാനായി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
സംഭവത്തിൽ കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒമാൻ്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികൾ മേഖലയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ersdfdfsdsf

