റോഡ് വികസനവും സ്‌മാർട്ട് സിസ്റ്റങ്ങളും: വാഹനാപകടങ്ങളിൽ ഗണ്യമായ കുറവെന്ന് ബഹ്റൈൻ ട്രാഫിക്ക് അധികൃതർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും റോഡ് ശൃംഖല വിപുലീകരണവും രാജ്യത്തെ ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്‌ടർ ജനറൽ മേജർ ജനറൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി.
രാജകീയ നിർദ്ദേശങ്ങൾക്കനുസൃതമായും സർക്കാരിന്റെ മേൽനോട്ടത്തിലും നടക്കുന്ന റോഡ് വികസനത്തിനൊപ്പം ആധുനിക ക്യാമറകളും സ്‌മാർട്ട് സംവിധാനങ്ങളും നടപ്പിലാക്കിയത് അപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ പിന്തുണയോടെ സ്‌മാർട്ട് ക്യാമറ സംവിധാനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
ഈ ആധുനിക സാങ്കേതികവിദ്യകളുടെ സംയോജനം ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയും അപകടങ്ങളിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് പെർഫോമൻസ് ഇൻഡിക്കേറ്ററുകൾ വ്യക്തമാക്കുന്നു. ഡ്രൈവർമാർക്കിടയിൽ വളർന്നുവരുന്ന ട്രാഫിക് ബോധവത്കരണത്തെയും സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരത്തെയും അദ്ദേഹം പ്രശംസിച്ചു.
റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്നും, കമ്മ്യൂണിറ്റി പങ്കാളിത്തത്തോടെ സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്നും ഡയറക്‌ടർ ജനറൽ കൂട്ടിച്ചേർത്തു.
asdadsasddsa

