പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കലും തുപ്പലും: പട്രോളിംഗും പിഴയും കടുപ്പിക്കണമെന്ന് ബഹ്‌റൈൻ എം.പി
പ്രദീപ് പുറവങ്കര
മനാമ: പഴയ മനാമ സൂഖ്, ഹൂറ തുടങ്ങിയ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതും തുപ്പുന്നതും മൂലം എലികളും, ഈച്ചകളും പെരുകുന്നതായും ദുർഗന്ധം വമിക്കുന്നതായും പരാതി. ഇത്തരം നാഗരികവിരുദ്ധ പ്രവൃത്തികൾ തടയാൻ ദിവസേനയുള്ള പട്രോളിംഗും പിഴയും വർധിപ്പിക്കണമെന്ന് പാർലമെന്റ് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖറാത്ത ആവശ്യപ്പെട്ടു.
വഴിയോരങ്ങളിലും കെട്ടിടങ്ങളുടെ ഇടുക്കുകളിലും ആളുകൾ മൂത്രമൊഴിക്കുന്നത് മൂലം സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുമായും മുനിസിപ്പൽ അധികൃതരുമായും സഹകരിച്ച് പരിശോധന ശക്തമാക്കണം. ഇതിനായി അറബി, ഇംഗ്ലീഷ്, ബംഗാളി, ഉറുദു ഭാഷകളിൽ ബോധവൽക്കരണ ബോർഡുകളും ലഘുലേഖകളും സ്ഥാപിക്കണമെന്നും ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് ബഹ്‌റൈൻ പീനൽ കോഡ് ആർട്ടിക്കിൾ 350 പ്രകാരം പൊതുമര്യാദ ലംഘനത്തിന്റെ പരിധിയിൽ വരുമെന്നും ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് അഭിഭാഷകൻ ജാസിം അൽ ഈസ വ്യക്തമാക്കി. പൊതുവഴികൾ എല്ലാവർക്കുമുള്ളതാണെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയോ നാഗരിക മൂല്യങ്ങളെയോ ബാധിക്കുന്ന രീതിയിൽ പെരുമാറാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dvddsds

