അഭിമന്യു വധക്കേസ്: മാധ്യമങ്ങളെ ഭയം, ഹാജരാകാനാവില്ലെന്ന് പ്രതികള്‍; അതൃപ്തി അറിയിച്ച് കോടതി


ഷീബ വിജയൻ

മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 16 പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്താതിരുന്നത്. ക്യാമറകൾ വെച്ചിരിക്കുന്നതിന്റെ ഫോട്ടോയും പ്രതിഭാഗം കോടതിയിൽ തെളിവായി നൽകി.

കുറ്റപത്രത്തിൽ ഐപിസി 323 വകുപ്പ് ചേർത്തതിന്റെ ഭാഗമായിട്ടാണ് നേരിട്ട് പങ്കുള്ള 16 പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ചയും ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മാധ്യമങ്ങൾ തത്സമയം ദൃശ്യങ്ങൾ നൽകുന്നതിനാലും, മൂന്നു പേർക്ക് അസുഖമായതിനാലും ചിലർ മറ്റ് ജില്ലകളിൽ നിന്നുള്ളവരായതിനാലും നേരിട്ട് ഹാജരാകാൻ ആകില്ലെന്നാണ് പ്രതിഭാഗം അറിയിച്ചത്.

എന്നാൽ ഈ ന്യായങ്ങൾ കോടതി തള്ളി. വിചാരണ വേളയിൽ നേരിട്ട് ഹാജരാകുമ്പോൾ എന്തു ചെയ്യുമെന്ന് ചോദിച്ച കോടതി, വരുന്ന വ്യാഴാഴ്ച എല്ലാ പ്രതികളും നിർബന്ധമായും ഹാജരാകണമെന്ന് ഉത്തരവിട്ടു. കഴിഞ്ഞ എട്ടു വർഷത്തിനിടെ കേവലം ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ ഹാജരായതെന്ന് അഭിമന്യുവിന്റെ കുടുംബം ആരോപിച്ചു. 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

article-image

effgvsfde

You might also like

  • Lulu Exchange
  • Straight Forward

Most Viewed