നാവികസേനയ്ക്ക് കൈത്താങ്ങായി അമൃതാനന്ദമയി മഠം; അടിയന്തരമായി ഹെലിപാഡ് നിർമ്മിച്ച് നൽകി
ഷീബ വിജയൻ
കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള നാവികസേനയുടെ തെരച്ചിൽ ദൗത്യത്തിന് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം. തെരച്ചിൽ നടത്തുന്ന ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാനായി അമൃതപുരി എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ ഒറ്റരാത്രികൊണ്ട് മഠം അടിയന്തരമായി ഹെലിപാഡ് നിർമ്മിച്ച് കൈമാറി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, കൊല്ലം ജില്ലാ കളക്ടർ എന്നിവരുടെ അഭ്യർത്ഥനയെത്തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നിർമ്മാണം നടത്തിയത്.
ശനിയാഴ്ച രാത്രി വൈകി ലഭിച്ച നിർദേശത്തെ തുടർന്ന് മഠത്തിലെയും അമൃത സർവ്വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഉറക്കമൊഴിച്ച് പണിയിൽ പങ്കാളികളായി. സാമഗ്രികൾ വേഗത്തിൽ എത്തിക്കാൻ ആശ്രമത്തിന്റെ വാഹനങ്ങൾ രാത്രി മുഴുവൻ സർവീസ് നടത്തി. സന്നദ്ധപ്രവർത്തകരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഹെലിപാഡ് നിർമ്മാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറി. കാണാതായ യുവാവിനായുള്ള തെരച്ചിൽ നാവികസേനയും തീരസംരക്ഷണ സേനയും ഊർജ്ജിതമായി തുടരുകയാണ്.
dsfdsdsds

