ബഹ്‌റൈനിൽ ആവേശം നിറയ്ക്കാൻ 'ദി ബിഗ് ബൗൺസ് അറേബ്യ'; ഈദ് ആഘോഷങ്ങൾക്ക് തുടക്കമാവുന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും (BTEA) ബിയോൺ അൽ ദാന ആംഫി തിയേറ്ററും സംയുക്തമായി ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ 'ദി ബിഗ് ബൗൺസ് അറേബ്യ' (The Big Bounce Arabia) ബഹ്‌റൈനിലെത്തിക്കുന്നു. പുതിയ ടൂറിസം കാമ്പയിന്റെ ഭാഗമായി ഒരുക്കുന്ന ആദ്യത്തെ വൻകിട വിനോദ പരിപാടിയാണിത്. മെയ് 28 മുതൽ ജൂൺ 5 വരെ 'എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ' (EWB) വേദിയിലാണ് ഈ മെഗാ ഇവന്റ് അരങ്ങേറുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന ഇൻഫ്ലേറ്റബിൾ വിനോദ കേന്ദ്രമെന്ന (world’s largest touring inflatable attraction) ഖ്യാതിയോടെയാണ് 'ദി ബിഗ് ബൗൺസ് അറേബ്യ' എത്തുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വമ്പൻ ഇൻഫ്ലേറ്റബിൾ പ്ലേഗ്രൗണ്ടുകൾ, ഇന്ററാക്ടീവ് സോണുകൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി വിനോദ പരിപാടികൾ ഇവിടെ സജ്ജീകരിക്കും. സുരക്ഷിതവും മനോഹരവുമായ അന്തരീക്ഷത്തിൽ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ തക്ക രീതിയിലാണ് ഇതിന്റെ ക്രമീകരണം.

article-image

ഈദ് സീസണിൽ ബഹ്‌റൈനിലെ സ്വദേശികൾക്കും വിദേശികൾക്കും ഒപ്പം മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കുമായി വിപുലമായ വിനോദ-ടൂറിസം പദ്ധതികൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ബി.ടി.ഇ.എ സി.ഇ.ഒ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. ബിയോൺ അൽ ദാന ആംഫി തിയേറ്ററുമായുള്ള സഹകരണം ഉയർന്ന നിലവാരമുള്ള വിനോദ പരിപാടികൾ രാജ്യത്ത് എത്തിക്കാൻ സഹായിക്കുമെന്നും, കുടുംബങ്ങളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന ബഹ്‌റൈന്റെ പദവി ഇത് കൂടുതൽ ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ലോകോത്തര വിനോദാനുഭവങ്ങൾ ബഹ്‌റൈനിലെത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ബിയോൺ അൽ ദാന ആംഫി തിയേറ്റർ സി.ഇ.ഒ ഡാമിയൻ ബുഷും വ്യക്തമാക്കി. ബി.ടി.ഇ.എയും തങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വഴി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ കുടുംബ സൗഹൃദ പരിപാടികൾ ബഹ്‌റൈനിലേക്ക് എത്തിക്കാൻ തുടർന്നും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

article-image

ഇവന്റിലേക്കുള്ള ടിക്കറ്റുകൾ manama.platinumlist.net വഴി ലഭ്യമാണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി @bahrain.calendar എന്ന ഇൻസ്റ്റാഗ്രാം പേജോ Bahrain.com വെബ്‌സൈറ്റോ സന്ദർശിക്കാവുന്നതാണ്.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed