ബഹ്‌റൈനിൽ ജാപ്പനീസ് തോബ് തുണികൾക്ക് കടുത്ത ക്ഷാമം; വില ഇരട്ടിയായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് വിപണികളിൽ പരമ്പരാഗത പുരുഷ വസ്ത്രമായ 'തോബ്' (Thobe) തയ്ക്കാൻ ഉപയോഗിക്കുന്ന ജാപ്പനീസ് തുണികൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായി വ്യാപാരികൾ. ടോക്കിയോയിലെ പ്രമുഖ ഫാബ്രിക് മില്ലുകൾ ഉൽപ്പാദനം ഏകദേശം 70 ശതമാനം വരെ വെട്ടിക്കുറച്ചതാണ് വിപണിയിൽ പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്.

ഉൽപ്പാദനത്തിലുണ്ടായ ഈ വൻ ഇടിവ് ഗൾഫ് വിപണികളിലേക്കുള്ള കയറ്റുമതിയെ സാരമായി ബാധിച്ചു. ഇതോടെ കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ വിതരണക്കാർക്കും ഏജന്റുമാർക്കും കുറഞ്ഞ അളവിൽ മാത്രമേ തുണികൾ ലഭിക്കുന്നുള്ളൂ. ഇത് ബഹ്‌റൈനിലെ തയ്യൽക്കടകളിലും ഉപഭോക്താക്കൾക്കിടയിലും തുണി തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

പ്രതിസന്ധി മറികടക്കാൻ മൊത്ത വ്യാപാരികളും തയ്യൽക്കാരും ജാപ്പനീസ് തുണിത്തരങ്ങൾക്ക് പകരമായി ഇൻഡോനേഷ്യൻ, ചൈനീസ് തുണികൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഗൾഫിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ജാപ്പനീസ് സമ്മർ ഫാബ്രിക്കായ 'സെമിരാമിസ്' (Semiramis) അടക്കമുള്ളവയുടെ വരവ് കുറഞ്ഞതോടെ ഇന്ത്യൻ ലിനൻ തുണികളും ഇപ്പോൾ വിപണിയിലെത്തിക്കുന്നുണ്ട്. നിലവിൽ ലഭ്യമായ ജാപ്പനീസ് തുണികളുടെ വില മീറ്ററിനും റോളിനും ഇരട്ടിയായി വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു.

ബഹ്‌റൈൻ പ്രധാനമായും കുവൈറ്റ് കമ്പനികൾ വഴിയാണ് ജാപ്പനീസ് തുണികൾ എത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബഹ്‌റൈനിലെ കടുത്ത ചൂടിന് അനുയോജ്യമായ രീതിയിൽ ഇൻഡോനേഷ്യൻ തുണികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കുവൈറ്റിലെ വിതരണക്കാരുമായി ചേർന്ന് ബഹ്‌റൈനി ഇറക്കുമതിക്കാർ ശ്രമിക്കുന്നുണ്ട്. ചില തയ്യൽക്കാർ യു.എ.ഇ വിപണിയെയും ആശ്രയിക്കുന്നുണ്ട്.

നിലവിൽ 3.5 മീറ്റർ ഇൻഡോനേഷ്യൻ അല്ലെങ്കിൽ ജാപ്പനീസ് തുണി ഉപയോഗിച്ച് ഒരു തോബ് തയ്ച്ചു വാങ്ങാൻ ശരാശരി 22 ദീനാറാണ് ചെലവ് വരുന്നത്. ലിനൻ തോബുകൾക്ക് 17 ദീനാറോളമാകും. എന്നാൽ ആഗോള ഷിപ്പിംഗ് നിരക്കുകൾ കുത്തനെ ഉയർന്നതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും കൂടാനാണ് സാധ്യത. നിലവിൽ 12 മുതൽ 16 വരെയുള്ള ഒരു ബോക്സ് തുണി എത്തിക്കാൻ ഏകദേശം 80 ദീനാറാണ് ഷിപ്പിംഗ് ചെലവ് വരുന്നത്.

അതേസമയം ബക്രീദ് (ഈദുൽ അദ്ഹ) പ്രമാണിച്ചുള്ള തോബ് തയ്യൽ ബുക്കിംഗുകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവുണ്ട്. റമദാൻ, ഈദുൽ ഫിത്തർ സമയങ്ങളിലെ സാധാരണ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ 40 ശതമാനം മാത്രമാണ് ആവശ്യക്കാരുള്ളതെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed