പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പെൺവാണിഭത്തിന് ഇരയാക്കി; ബഹ്‌റൈനിൽ രണ്ട് ഏഷ്യക്കാർക്കെതിരെ മനുഷ്യക്കടത്ത് കേസ്
പ്രദീപ് പുറവങ്കര
മനാമ: പ്രായപൂർത്തിയാകാത്ത രണ്ട് ഏഷ്യൻ സ്വദേശികളായ സഹോദരിമാരെ ബഹ്‌റൈനിൽ എത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ 32 വയസ്സുകാരനായ ഏഷ്യൻ യുവാവിന്റെയും 40 വയസ്സുകാരിയായ ഏഷ്യൻ യുവതിയുടെയും വിചാരണ ഫസ്റ്റ് ഹൈ ക്രിമിനൽ കോർടതിയിൽ ആരംഭിച്ചു. സാമ്പത്തിക ലാഭത്തിനായി ഭീഷണിയും സമ്മർദ്ദവും ചെലുത്തിയാണ് പ്രതികൾ പെൺകുട്ടികളെ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ബഹ്‌റൈൻ കേന്ദ്രീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റകൃത്യം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ 16, 17 വയസ്സ് മാത്രം പ്രായമുള്ള ഇരകൾ, മറ്റൊരു ഗൾഫ് രാജ്യത്ത് വെച്ച് പരിചയപ്പെട്ട അപരിചിതനായ ഒരാൾ നൽകിയ ജോലി വാഗ്ദാനം വിശ്വസിച്ചാണ് ബഹ്‌റൈനിലേക്ക് എത്തിയത്.
പെൺകുട്ടികളെ കൊണ്ടുവന്ന ശേഷം പ്രതികൾ ഇവർക്കായി ഇടപാടുകാരെ കണ്ടെത്തുകയും അതിലൂടെ ലഭിക്കുന്ന പണം മുഴുവൻ കൈക്കലാക്കുകയുമായിരുന്നു. ഇരകളായ പെൺകുട്ടികൾക്ക് യാതൊരു തുകയും നൽകിയിരുന്നില്ല. പെൺകുട്ടികൾക്ക് 18 വയസ്സിന് താഴെ മാത്രമാണ് പ്രായമെന്ന് കൃത്യമായി ബോധ്യമുണ്ടായിരുന്ന പ്രതികൾ, ഇവരുടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
szfz

